09 May 2024 Thursday

ജസ്ന മരിയ തിരോധാന കേസ്; സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്ന പിതാവിന്റെ ഹർജി കോടതിയിൽ

ckmnews


ജസ്ന മരിയ തിരോധാന കേസ് ഇന്ന് വീണ്ടും കോടതിയിൽ. അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന സിബിഐ തീരുമാനത്തിനെതിരെ ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിക്കുക. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതി ഹർജി പരിഗണിക്കും. ഹർജിയിൽ സിബിഐ ഇന്ന് കോടതിയിൽ വിശദീകരണം നൽകും. ആറുവർഷം അന്വേഷിച്ചിട്ടും ജസ്നയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചത്. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ജസ്നയുടെ അച്ഛന്റെ ആവശ്യം.

2018 മാർച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്.


കാഞ്ഞിരപ്പള്ളി എസ്.ഡി.കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിനി ആയിരുന്നു. വീട്ടിൽനിന്നും മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്നും പറഞ്ഞുപോയ ജസ്‌ന എരുമേലിവരെ എത്തിയെന്ന വിവരം മാത്രമാണ് വ്യക്തമായി ലഭിച്ചത്. ആദ്യം വെച്ചൂച്ചിറ പോലീസും പിന്നീട് ഐ.ജി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും ക്രൈബ്രാഞ്ചും അന്വേഷിച്ചു.


രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ അന്വേഷണം നടന്നു. രണ്ട് ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചു. കണ്ടെത്തുന്നവർക്ക് പോലീസ് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. അന്വേഷണത്തിൽ ലോക്കൽ പോലീസിന് വീഴ്ചപറ്റിയതായി ചില ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.