08 May 2024 Wednesday

RLV രാമകൃഷ്ണനെ കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ച് കലാമണ്ഡലം

ckmnews


നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ച് അധികൃതര്‍. നൃത്താധ്യാപിക സത്യഭാമയുടെ ജാതി അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക സമൂഹം രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒട്ടനവധി അതുല്യ പ്രതിഭകള്‍ ചിലങ്കയണിഞ്ഞ് ആടിയ കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ രാമകൃഷ്ണനെ അധികൃതര്‍ ക്ഷണിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

ഏതൊരു കലാകാരന്റേയും സ്വപ്‌ന ഭൂമിയാണ് കലാമണ്ഡലവും കൂത്തമ്പലവുമെന്ന് ക്ഷണം സ്വീകരിച്ചുകൊണ്ട് രാമകൃഷ്ണന്‍ പറഞ്ഞു. കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ ചിലങ്കണിയാന്‍ ലഭിച്ച അവസരം ജീവിതത്തിലെ ഏറ്റവും വലിയ അവസരമായി കാണുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.തനിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സത്യഭാമയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അധിക്ഷേപ പരാമർശനത്തിന് പ്രകടനത്തിലൂടെ മറുപടി നല്‍കും. കല ആരുടേയും കുത്തകയല്ലെന്നും ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു.


ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ കലാമണ്ഡലം സത്യഭാമയുടെ പരാമർശങ്ങളാണ് വിവാദമായത്. ‘മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല’- എന്നിങ്ങനെയായിരുന്നു പ്രതികരണം.

സംഭവം വിവാദമായതിന് പിന്നാലെ സത്യഭാമയെ തള്ളി കേരള കലാമണ്ഡലം രംഗത്തെത്തിയിരുന്നു. സത്യഭാമയുടേതായി നിലവില്‍ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും പൂർണമായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ.ബി അനന്തകൃഷ്ണനും രജിസ്ട്രാർ ഡോ. പി രാജേഷ് കുമാറും അറിയിച്ചു.


ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്നും ഇരവരും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.