09 May 2024 Thursday

'വർണ്ണവെറിയും ജാതി വെറിയും,കലാമണ്ഡലം സത്യഭാമ മാപ്പു പറയുക';കുറിപ്പ് പങ്കുവെച്ച് സിനിമാ പാരഡൈസോ ക്ലബ്

ckmnews



ജാതി അധിക്ഷേപത്തിൽ ഡോ ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യവുമായി സിനിമാ കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്. അനു പാപ്പച്ചന്റെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് സിനിമാ പാരഡൈസോ ക്ലബ് വിഷയത്തിൽ പ്രതികരണമറിയിച്ചത്. കലാമണ്ഡലം സത്യഭാമ ഇയാള് ഇയാള് എന്ന് പറയുന്ന രാമകൃഷ്ണൻ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് മോഹിനിയാട്ടം പഠിച്ച കലാകാരനാണ്. അവർ പറയുന്നത് വർണ്ണവെറിയും ജാതി വെറിയുമാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രവണതയുമല്ല. കലാഭവൻ മണിയെയും ഇതേ മനോഭാവത്തോടെയാണ് സമീപിച്ചിരുന്നത് എന്നും കുറിപ്പിൽ പറയുന്നു.


കുറിപ്പിന്റെ പൂർണ്ണരൂപം:


സത്യഭാമ ഇയാള് ഇയാളെന്ന് പറയുന്ന രാമകൃഷ്ണൻ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് മോഹിനിയാട്ടം പഠിച്ച കലാകാരനാണെന്നും മോഹിനിയാട്ടത്തിൽ പി.എച്ച്.ഡിയും അസിസ്റ്റന്റ് പ്രൊഫസറിനുള്ള നെറ്റും നേടിയിട്ടുണ്ട്. എം.ജി യൂണിവേഴ്‌സിറ്റിയിൽനിന്ന് എം.എ മോഹിനിയാട്ടം -ഒന്നാം റാങ്ക്, കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്‌സിൽ ടോപ് സ്‌കോററായി എംഫിൽ, ദൂരദർശൻ എ ഗ്രേഡഡ് ആർട്ടിസ്റ്റ്, 15 വർഷത്തെ അധ്യാപക പരിചയം, എന്നിങ്ങനെ നീണ്ടുപോകുന്നതാണ് രാമകൃഷ്ണന്റെ യോഗ്യതകളെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഈ യോഗ്യതകൾ സത്യഭാമക്ക് അറിയുകയും ചെയ്യുമെന്നും വർണ്ണവെറിയും ജാതി വെറിയുമാണ് കാഴ്ചയിൽ അവർക്കു തോന്നുന്ന അറപ്പും വെറുപ്പുമെന്നും അനു പാപ്പച്ചൻ വിമർശിച്ചു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രവണതയല്ല, കലാഭവൻ മണിയെയും ഇതേ റേസിസ്റ്റ് മനോഭാവത്തോടെയാണ് സമീപിച്ചിരുന്നത്.

ജാതിപ്രിവിലേജുകാരുടെ വേദികളോടും അവസരങ്ങളോടും പൊരുതി സ്വന്തം നിലയ്ക്കു മുന്നേറി വരുമ്പോൾ തലയ്ക്കിട്ടു തന്നെ ചവിട്ടിത്താഴ്ത്തുന്ന ഇമ്മാതിരി ഗുരുക്കർക്ക് മുഖ്യവേദികളും പട്ടും പരവതാനിയും വിരിക്കുന്ന ഏർപ്പാടങ്ങ് നിർത്തുക. വംശീയധിക്ഷേപത്തിൽ കലാമണ്ഡലം സത്യഭാമ മാപ്പു പറയുക. ഉചിതമായ നടപടി എടുക്കുക. ഡോ ആർഎൽവി രാമകൃഷ്ണനൊപ്പം നിൽക്കുക എന്നാൽ അദ്ദേഹത്തിന് വേദികൾ കൊടുക്കുക എന്നുകൂടിയാണ്.