09 May 2024 Thursday

'മാര്‍ച്ച് 21നകം എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം'; ഇലക്ടറല്‍ ബോണ്ട് കേസിൽ എസ്ബിഐയോട് സുപ്രീം കോടതി

ckmnews



ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും വെളിപ്പെടുത്തണമെന്ന് എസ്ബിഐയോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ബാങ്കിന്റെ കൈവശമുള്ള എല്ലാ രേഖയും വെളിപ്പെടുത്തിയെന്ന് സൂചിപ്പിക്കുന്ന സത്യവാങ്മൂലം മാര്‍ച്ച് 21 വൈകുന്നേരം അഞ്ച് മണിക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

തെരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രം വെളിപ്പെടുത്താനാകില്ലെന്നും ബോണ്ടുകളുടെ യൂണിക് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണമെന്നും സുപ്രീം കോടതി പറഞ്ഞു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ കൈവശമുള്ള എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.


’’ ബോണ്ട് നമ്പര്‍ ഉള്‍പ്പടെയുള്ള വിവരം വെളിപ്പെടുത്താന്‍ എസ്ബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്’’ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് നേതൃത്വം നല്‍കിയ ബെഞ്ച് പറഞ്ഞു.

’’ എല്ലാവിവരങ്ങളും വെളിപ്പെടുത്തണമെന്നാണ് എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നത്. ആല്‍ഫാ ന്യൂമെറിക് നമ്പര്‍, സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം,’’ എന്നും ബെഞ്ച് അറിയിച്ചു.


ബോണ്ടുകളുടെ നമ്പര്‍ നല്‍കണമെന്നാണെങ്കില്‍ അവ നല്‍കാന്‍ ബാങ്ക് തയ്യാറാണെന്ന് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു.


കള്ളപ്പണം തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത പറഞ്ഞു. കോടതിയ്ക്ക് പുറത്ത് ഈ വിധി എങ്ങനെ ഉപയോഗിക്കപ്പെടുമെന്ന് സുപ്രീം കോടതി ബെഞ്ച് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

‘‘കോടതി വിധി പുറത്ത് എങ്ങനെ ഉപയോഗിക്കപ്പെടുമെന്ന കാര്യം തിരിച്ചറിയേണ്ടതാണ്. വേട്ടയാടല്‍ ഒരുഭാഗത്ത് ആരംഭിച്ചിട്ടുണ്ട്. കോടതിയ്ക്ക് മുന്നിലുള്ളവര്‍ മാധ്യമങ്ങളില്‍ അഭിമുഖങ്ങള്‍ നല്‍കിയും മറ്റും കോടതിയെ മനപ്പൂര്‍വ്വം നാണം കെടുത്താന്‍ ശ്രമിക്കുന്നു. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളും വ്യാപകമാകുന്നുണ്ട്,’’ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.


ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന കാര്യം കോടതി പരിഗണിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.


’’ ജഡ്ജിമാര്‍ എന്ന നിലയില്‍ നിയമവാഴ്ചയില്‍ അധിഷ്ടിതമായ ഭരണഘടന അനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിയമവാഴ്ചയ്ക്ക് വേണ്ടിയാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ജഡ്ജിമാര്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലും ഞങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതെല്ലാം ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്,’’ ബെഞ്ച് അധ്യക്ഷന്‍ ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു.