08 May 2024 Wednesday

'ആ ഗോപിയല്ല ഈ ഗോപി; സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് വേണ്ട കലാമണ്ഡലം ഗോപിക്ക് പത്മഭൂഷണ്‍'; പോസ്റ്റ് മകൻ പിൻവലിച്ചു

ckmnews



സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി പറഞ്ഞതായി മകൻ രഘുരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്. വ്യാപകമായി ഷെയർ ചെയ്യപ്പെട്ട പോസ്റ്റ് വാര്‍ത്തയായതിന് പിന്നാലെ രഘുരാജ് പിന്‍വലിച്ചു.


സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്നും അതിനായി വീട്ടില്‍ എത്തുമെന്നും പറഞ്ഞ് ഒരു ഡോക്ടര്‍ വിളിച്ചെന്നും അതിന് കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ പത്മഭൂഷണ്‍ വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചെന്നുമാണ് കലാമണ്ഡലം ഗോപിയുടെ മകന്‍ ഫേസ്ബുക്ക് പോസ്റ്റിലുടെ ഞായറാഴ്ച രാത്രി വെളിപ്പെടുത്തിയത് . ഇതിന് മറുപടിയായി ‘അങ്ങനെ എനിക്ക് കിട്ടേണ്ട’ എന്ന് അച്ഛൻ പറഞ്ഞതായി മകൻ എഴുതി.

‘സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണം. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണെന്ന് ഇന്നാണ് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്, അത് താല്‍ക്കാലിക ലാഭത്തിനല്ല, നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണ്,’ രഘുരാജ് തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.


വ്യാപകമായി ഷെയർ ചെയ്ത് ആരോപണം വാര്‍ത്തയായതിന് പിന്നാലെ രഘുരാജ് തന്‍റെ പോസ്റ്റ് പിന്‍വലിച്ചു. ‘ഇന്നലെ ഞാൻ ഇട്ട പോസ്റ്റ്‌ എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചുഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ്….. ഈ ചർച്ച അവസാനിപ്പിക്കാം, നന്ദി ’ എന്ന് രഘുരാജ് തിങ്കളാഴ്ച്ച ഫേസ്‌ബുക്കിൽ കുറിച്ചു.