09 May 2024 Thursday

അഞ്ച് രാജവെമ്പാലയുൾപ്പെടെ 9 പാമ്പുകളുമായി യുവാവ് അറസ്റ്റിൽ യൂറ്റൂബറെ കുടുക്കിയത് ലഹരിക്കായി വിഷം വാങ്ങാനെന്ന വ്യാജേന

ckmnews


നോയ്ഡ: പാമ്പിന്റെ വിഷം കൊണ്ട് ലഹരി പാർട്ടി നടത്തിയ കേസിൽ എൽവിഷ് യാദവിനെ അറസ്റ്റ് ചെയ്തു. നോയിഡ പൊലീസാണ് ചോദ്യം ചെയ്തതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തത്. പാർട്ടികളിൽ ലഹരി മരുന്നായി പാമ്പിൻ്റെ വിഷം ഉപയോ​ഗിച്ചതിന് ഇയാൾക്കും മറ്റ് അഞ്ച് പേർക്കുമെതിരെ വന്യജീവി നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്


കഴിഞ്ഞ വർഷമാണ് കേസിന്നാസ്പദമായ സംഭവം. നവംബർ 3 ന് നോയിഡയിലെ ബാങ്ക്വറ്റ് ഹാളിൽ നടത്തിയ പൊലീസ് റെയ്ഡിൽ നാല് പാമ്പാട്ടികളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലഹരി പാർട്ടികൾക്കും വീഡിയോ ഷൂട്ടുകൾക്കായി എൽവിഷ് യാദവ് പാമ്പുകളെ ഉപയോഗിച്ചിരുന്നതായും ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാവ് മനേകാ ​ഗാന്ധിയുടെ നേതൃത്വത്തിലുള്ള ആനിമൽ റെെറ്റ്സ് ​ഗ്രൂപ്പായ പിഎഫ്എ യാഥാർത്ഥ്യം കണ്ടെത്താനായി നടത്തിയ ശ്രമത്തിൽ അഞ്ച് രാജവെമ്പാലയുൾപ്പെടെ 9 പാമ്പുകളേയും 20 മില്ലി പാമ്പ് വിഷവും ഉൾപ്പെടെ കണ്ടെത്തുകയായിരുന്നു. പാമ്പുകളേയും അവയുടെ വിഷവും ആവശ്യപ്പെട്ട് യാദവിനെ വിളിക്കുകയും പിന്നീട് ഫ്ലാറ്റിലെത്തി വാങ്ങാൻ യാദവ് നിർദേശിക്കുകയുമായിരുന്നു. ഫ്ലാറ്റിലെത്തിയ ഉടൻ പിഎഫ്എ സംഘാം​ഗം ഈ വിവരം ഉടൻ തന്നെ നോയിഡ പൊലീസിൻ്റെയും വനംവകുപ്പിൻ്റെയും ശ്രദ്ധയിൽപെടുത്തി. സ്ഥലത്തെത്തിയ പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് ഒമ്പത് പാമ്പുകളേയും വിഷവും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. 


നേരത്തെ പൊലീസ് ചോദ്യം ചെയ്തപ്പോൾ യാദവ് എല്ലാ കുറ്റവും നിഷേധിച്ചിരുന്നു. കേസ് അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും ഒരു ശതമാനം പോലും ശരിയല്ലെന്നും യാദവ് പ്രതികരിച്ചു. മുഴുവൻ കേസിലും ഇയാളുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. അറസ്റ്റിന് ശേഷം എൽവിഷ് യാദവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു