08 May 2024 Wednesday

മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ വിദേശ താരത്തെ വളഞ്ഞിട്ട് മര്‍ദിച്ചു; വംശീയമായി അധിക്ഷേപിച്ചെന്ന് പരാതി

ckmnews


മലപ്പുറത്ത് ഫുട്ബാൾ ടൂർണമെന്റിനിടെ വിദേശത്തുനിന്നെത്തിയ താരത്തിന് കാണികളുടെ മർദനം. ഐവറി കോസ്റ്റിൽനിന്നുള്ള ജവഹർ മാവൂരിന്റെ താരം ദിയാറസൂബ ഹസൻ ജൂനിയറിനാണ് മർദനമേറ്റത്. തനിക്കുനേരെ കാണികൾ വംശീയാധിക്ഷേപം നടത്തിയെന്നും കല്ലെറിഞ്ഞെന്നും ഇതിൽനിന്ന് ഒഴിഞ്ഞുമാറുന്നതിനിടെ കൂട്ടംചേർന്ന് മർദിച്ചെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് താരം നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങളടക്കമാണ് വിദേശ താരം പൊലീസിനെ സമീപിച്ചത്. ഈ മാസം 10ന് അരീക്കോട് ചെമ്രക്കാട്ടൂരിൽ നടന്ന ഫൈവ്സ് ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം. കോർണർ ​കിക്കെടുക്കാൻ പോയ തന്നെ കാണികൾ കുരങ്ങനെന്ന് വിളിക്കുകയും ഒരാൾ കല്ലെറിയുകയും ചെയ്തു. തിരിഞ്ഞുനിന്നപ്പോൾ വീണ്ടും കല്ലേറുണ്ടായി. ഇതോടെ അവിടെ നിന്ന് പോയി. ഇതിനിടെ എതിർ ടീം മാനേജ്മെന്റും കാണികളും തന്നെ ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു.

ഹസൻ ജൂനിയർ കാണികളെ അധിക്ഷേപിച്ചു എന്നു പറഞ്ഞായിരുന്നു താരത്തെ ഒരുവിഭാഗം തടഞ്ഞുവച്ചത്. ഓടിരക്ഷപെടാൻ ശ്രമിച്ച താരത്തെ മൈതാനത്തിന്റെ പല ഭാഗത്തുവച്ചും ആളുകൾ കൂട്ടമായി മർദിച്ചു. ജില്ലാ പൊലീസ് മേധാവി അരീക്കോട് എസ്എച്ച്ഒയ്ക്ക് പരാതി കൈമാറി.


അരീക്കോട്ട് ടൗൺ ടീം ചെമ്രകാട്ടൂർ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബാൾ ടൂർണമെന്‍റിനിടെയാണ് സംഘർഷമുണ്ടായത്. ജവഹർ മാവൂരിന്‍റെ താരമായ ഹസൻ ജൂനിയർ ന്യൂലാല പൂക്കൊളത്തൂർ ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു.