08 May 2024 Wednesday

'അനിൽ ആന്റണി പോയി, പത്മജ പോകുന്നു, നാളെ ആരെന്ന് പറയാനാവില്ല'; കോൺഗ്രസിനെ പരിഹസിച്ച് എം വിഗോവിന്ദൻ

ckmnews


തൃശൂർ: കോൺ​ഗ്രസിലെ ഡസൻ കണക്കിനാളുകൾ ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന പരിഹാസവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കേരളത്തിൽ രണ്ടക്ക നമ്പർ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ബിജെപി ജയിക്കില്ല, പകരം ജയിച്ചുവരുന്ന കോൺ​ഗ്രസുകാർ ബിജെപിയിൽ പോകുകയാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ പോയി. കെ കരുണാകരന്റെ മകൾ പോയിക്കൊണ്ടിരിക്കുന്നു. നാളെ ആരെന്ന് പറയാനാവില്ല. ഇതിനെല്ലാം കാരണം കോൺ​ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണ്. ബിജെപിയിലേക്ക് ചേരാൻ ഒരു കോൺഗ്രസ് നേതാവിനും കേരളത്തിലും മടിയില്ല എന്ന നില വന്നാൽ എന്താണവസ്ഥ?


വടകരയിൽ ഇടത് മുന്നണി വലിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും കോൺഗ്രസിന് വോട്ട് ചെയ്യുന്നവർ അവിടെത്തന്നെ നിൽക്കുമോ എന്നത് വോട്ടർമാർ ചിന്തിക്കുമെന്നും കൂടി എം വി ​ഗോവിന്ദൻ കൂട്ടിച്ചേ‍ർത്തു.

ഇതിനിടെ കോൺ​ഗ്രസിൽ നിന്ന് പടിയിറങ്ങുന്ന പത്മജ ചാലക്കുടിയിൽ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. ദേശീയ നേതൃത്വം പത്മജയെ സ്ഥാനാ‍ർത്ഥിയാക്കാൻ തീരുമാനിച്ചതായാണ് ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വിവരം. കോൺ​ഗ്രസ് നേതാക്കളായ കെ സി വേണു​ഗോപാലും കെ സുധാകരനും പത്മജയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.