09 May 2024 Thursday

ദുരന്തനിവാരണത്തിന് 13 കോടി, 250 പുതിയ ക്യാമറകൾ; കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യമെന്ന് മന്ത്രിമാർ

ckmnews


വയനാട്: വയനാട്ടിൽ മരണപ്പെട്ടവർക്കും, പരിക്കേറ്റവരുടെയും പ്രശ്നങ്ങൾ ദുരീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രി വിളിച്ച ചർച്ചയിലെ 27 നിർദേശങ്ങളിൽ 12 നിർദേശങ്ങൾ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. സർവ കക്ഷി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.വയനാട്ടിൽ കമാൻഡ് കണ്ട്രോൾ സെൽ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. രണ്ട് ആർആർടികളെ വയനാട്ടിൽ സ്ഥിരമാക്കിയെന്നും ഡോ അരുൺ സഖറിയയെ ദൗത്യസംഘത്തിലെത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ സർക്കാർ ഏറ്റെടുക്കുന്നത് പരി​ഗണനയിലെന്നും മന്ത്രി. ഇതിനായി പ്രത്യേക മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. വയനാട്ടിലെ പ്രശ്നങ്ങളിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നും കേന്ദ്രമന്ത്രിമാരെ നേരത്തെ കണ്ടതാണെന്നും ഇടപെടൽ നടത്തുമെന്ന് അന്ന് കേന്ദ്രം പറഞ്ഞതാണെന്നും കെ രാജൻ പറഞ്ഞു. കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യം ആവശ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


വയനാട്ടിലെ നിലവിലെ സാഹചര്യം നേരിടാൻ 13 കോടി രൂപ അനുവദിച്ചുവെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷും പറഞ്ഞു. 250 പുതിയ ക്യാമറകൾ സ്ഥാപിക്കാൻ നടപടികൾ തുടങ്ങിയെന്നും 13 പട്രോളിങ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടിക്കാടുകൾ വെട്ടുന്ന കാര്യത്തിൽ വയനാടിന് പ്രത്യേക ഇളവ് വേണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. അതിർത്തികളിൽ വളർത്തു മൃഗങ്ങളെ വളർത്തുന്ന വിഷയത്തിൽ വ്യവസ്ഥകൾ കൊണ്ടുവരുമെന്നും മന്ത്രിയുടെ നിർദേശം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അതിനോട് യോജിച്ചു. അന്തിമ തീരുമാനം എടുത്തിട്ടില്ല. നിർ‌ദേശങ്ങൾ യോ​ഗത്തിൽ വച്ചെന്നും മന്ത്രിമാർ പറഞ്ഞു.