09 May 2024 Thursday

തൂക്ക വഴിപാടിനിടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് താഴെവീണ സംഭവം; തൂക്കക്കാരനെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു

ckmnews


പത്തനംതിട്ട: തൂക്ക വഴിപാടിനിടെ പത്ത് മാസം പ്രായമുള്ള കുഞ്ഞ് താഴെവീണ് പരിക്കേറ്റ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അടൂർ പൊലീസ്. തൂക്കവില്ലിലെ തൂക്കക്കാരനായ അടൂർ സ്വദേശി സിനുവിനെതിരെയാണ് കേസ്. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞ് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആർ. ശനിയാഴ്ച നടന്ന തൂക്കത്തിനിടെയാണ് സംഭവം.

പത്തനംതിട്ടയിലെ ഏറെ പ്രസിദ്ധമായ ഏഴാംകുളം ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനിടെയാണ് കുഞ്ഞ് നിലത്ത് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് ഇപ്പോഴും അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ആചാരം നടത്തുന്നു എന്ന പേരിൽ വിമർശനങ്ങൾ ഉയരുകയാണ്. സംഭവത്തിൽ ജില്ലാ ശിശു സംരക്ഷണ സമിതിയോട് നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ഇന്നലെ നിർദേശം നൽകിയിരുന്നു.

കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍ 124 കുട്ടികളാണുള്ളത്. ആറുമാസം പ്രായമുള്ള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിന്‍റെ ഭാഗമാകാറുണ്ട്. ഇഷ്ടസന്താന ലബ്​ധിക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുമായാണ് തൂക്കവഴിപാട് നടത്തുന്നത്.