09 May 2024 Thursday

മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി ആനക്കൂട്ടത്തിന് അടുത്ത് വിട്ടു

ckmnews


കൊച്ചി: മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. ജെ സി ബി ഉപയോഗിച്ച്‌ മണ്ണുമാന്തി പാതയൊരുക്കി അതിലൂടെ ആനയെ പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയാനയെ ഓടിച്ച്‌ കാട്ടാനക്കൂട്ടത്തിനടുത്തേക്ക് വിട്ടു. കിണറ്റിൽ വീണെങ്കിലും കുട്ടിയാനയ്ക്ക് പരിക്കേറ്റിരുന്നില്ല. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് സമീപത്തായി നിലയുറപ്പിച്ച കാട്ടാനകൂട്ടത്തിന് അരികിലേക്ക് കുട്ടിയാനയെ ഓടിച്ചുവിട്ടത്.

മലയാറ്റൂർ ഇല്ലിത്തോട്ടില്‍ റബ്ബർ തോട്ടത്തിലെ കിണറ്റില്‍ ഇന്ന് പുലർച്ചെയാണ് കുട്ടിയാന വീണത്. കിണറിന് സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. ഇതുകാരണം രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിലായി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ അകറ്റുകയായിരുന്നു. ഇതിന് ശേഷം രാവിലെ പത്തരയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കിണറിന് ആഴമുള്ളതിനാൽ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി വഴിയൊരുക്കിയാണ് കുട്ടിയാനയെ പുറത്തെത്തിച്ചത്.അതിനിടെ ഇടുക്കിയിലെ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയിരുന്നു. ആനയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റു. ബി എല്‍ റാം സ്വദേശി പാല്‍ത്തായ്ക്കാണ് പരിക്കേറ്റത്. പാല്‍ത്തായയെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


രണ്ട് ദിവസം മുമ്പ് മൂന്നാർ ടൌണിലും കാട്ടാന ഇറങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് ഒറ്റക്കൊമ്പുള്ള കാട്ടാന എസ്ബിഐ ശാഖയ്ക്ക് അടുത്ത് എത്തിയത്. ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർക്കുകയും ചെയ്തു. ആനയെക്കണ്ട് സമീപത്തെ കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ളവർ ഭയന്നോടി.