09 May 2024 Thursday

'പഞ്ചവാദ്യത്തിന് ശബ്ദം പോര' കൊല്ലത്ത് ക്ഷേത്ര ജീവനക്കാരനെ തോർത്തിൽ കല്ല് കെട്ടി തല്ലിയെന്ന് പരാതി

ckmnews


കൊല്ലം: ക്ഷേത്രത്തിലെ ശീവേലി ചടങ്ങിനിടെ പഞ്ചവാദ്യത്തിന് ശബ്ദം കുറഞ്ഞെന്ന് ആരോപിച്ച് ജീവനക്കാരനെ തോർത്തിൽ കല്ലുകെട്ടി മര്‍ദിച്ചെന്ന് പരാതി. ചവറ തേവലക്കര മേജർ ദേവീ ക്ഷേത്രത്തിലെ ജീവനക്കാരനായ വേണുഗോപാലിനാണ് മർദനത്തിൽ പരിക്കേറ്റത്. ക്ഷേത്രത്തിലെ താൽക്കാലിക വാദ്യ ജീവനക്കാരനാണ് ഇദ്ദേഹം.

ശീവേലിക്കിടെ അമ്പലത്തിലെത്തിയ പ്രതി വാദ്യത്തിന് ശബ്ദം പോരെന്ന് പറഞ്ഞ‌ാണ് വേണുഗോപാലിനെ മര്‍ദിച്ചത്. ‘ഉച്ചത്തിൽ കൊട്ടണം, താൻ കൊട്ടുന്നത് മുതുകാള പശുവിനെ മെനക്കെടുത്തുന്നത് പോലെയാണ്, ശബ്ദമില്ല, ഇനി മേലിൽ ഇവിടെ ജോലി ചെയ്യരുത്, ഇറങ്ങി പൊക്കോണം എന്ന് പറഞ്ഞാണ് പ്രതി തന്നെ ആക്രമിച്ചതെന്ന് വേണുഗോപാല്‍ പറഞ്ഞു.

സംഭവ സമയം ഇയാൾ മദ്യലഹരിയില്‍ ആയിരുന്നുവെന്നും പ്രതി തന്നെ ആക്രമിക്കുന്നതുകണ്ട മറ്റ് ക്ഷേത്രജീവനക്കാരാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും വേണുഗോപാൽ പരാതിയില്‍ പറഞ്ഞു.


സംഭലവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയെന്നാണ് വിവരം. ദേവസ്വം ബോർഡിന്റെ പരാതിയിൽ തെക്കുംഭാഗം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുറിവേൽപ്പിക്കുക എന്ന ഉദ്യേശത്തോടെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്ര ഉപദേശക സമിതിയുടെ മുൻ സെക്രട്ടറിയാണ് പ്രതിയെന്നാണ് ആരോപണം. ഇയാളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഒത്തുകളിയുണ്ടെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.