08 May 2024 Wednesday

കാട്ടുപന്നിക്കൂട്ടം കടകളിലേക്ക് പാഞ്ഞുകയറി, 2 മണിക്കൂറോളം മുൾമുനയിൽ, ഒടുവിൽ 10 എണ്ണത്തിനെ വെടിവെച്ച് കൊന്നു

ckmnews


മലപ്പുറം: കീഴാറ്റൂരിൽ കടകളിലേക്ക് ഇരച്ചുകയറി കാട്ടുപന്നിക്കൂട്ടം. ഒടുവിൽ വെടിവെച്ചുകൊന്ന് അധികൃതർ. കീഴാറ്റൂർ തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് ജങ്ഷനിലെ വാസ്‌കോ കോംപ്ലക്‌സിലേക്കാണ് പത്തോളം വരുന്ന കാട്ടുപന്നികൾ എത്തിയത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലൂടെയെത്തിയ പന്നികൾ നിരവധി വ്യാപാര സ്ഥാപനങ്ങളും ജനസേവന കേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് കയറുകയായിരുന്നു. ഇതോടെ നാട്ടുകാർ കെട്ടിടത്തിന്റെ മുൻവശത്തെ ഷട്ടർ താഴ്ത്തി. രക്ഷപ്പെടാൻ വഴിയില്ലാതായതോടെ പന്നികൾ അകത്ത് കുടുങ്ങി.


പന്നികൾ എത്തുന്ന സമയത്ത് കെട്ടിടത്തിൽ നിരവധി ആളുകളുണ്ടായിരുന്നെങ്കിലും ഇവർ മുകൾ നിലയിലൂടെ പുറത്തെത്തുകയായിരുന്നു. കോംപ്ലക്‌സിൽ നിർത്തിയിട്ട രണ്ട് ബൈക്കുകൾ പന്നികൾ നശിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. ബേക്കറി, ജനസേവന കേന്ദ്രം, മൊബൈൽ ഷോപ്പ്, റൂറൽ സൊസൈറ്റി ബാങ്ക്, എൻജിനീയറുടെ ഓഫിസ്, റബർ ബോർഡ് ഓഫിസ്, കർട്ടൻ ഷോപ്പ്, ടൈലർ ഷോപ്പ്, ക്വാർട്ടേഴ്‌സ് എന്നിവയാണ് മൂന്ന് നിലയുള്ള കെട്ടിടത്തിലുള്ളത്. മേലാറ്റൂർ പൊലീസ്, കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് അധികൃതർ, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തി. വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയുള്ള കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, സെക്രട്ടറി എസ്. രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവെക്കാൻ അനുമതിയുള്ള മങ്കട കൂട്ടിലിലെ സംഘത്തെ സ്ഥലത്തെത്തിച്ചു.


ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുഴുവൻ പന്നികളെയും വെടിവെച്ച് കൊല്ലുകയായിരുന്നു. പന്നികളുടെ മൃതദേഹങ്ങൾ മണ്ണുമാന്തി യന്ത്രത്തിൽ ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ഉച്ചക്ക് ശേഷം സംസ്‌കരിച്ചു. സംഭവമറിഞ്ഞതോടെ നിരവധി പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. വ്യാപാരസമുച്ചയത്തിന് മുൻവശത്ത് പ്രധാന വഴി അടക്കാവുന്ന രീതിയിൽ ഷട്ടറുണ്ട്. പന്നികൾ അകത്തേക്ക് കയറിയതോടെ ഈ ഷട്ടർ താഴ്ത്തിയതിനാൽ പന്നികൾ പുറത്തിറങ്ങാനാവാതെ കുടുങ്ങി.