09 May 2024 Thursday

പരിശോധനയ്ക്കിടെ ഉദ്യോഗാർത്ഥി ഇറങ്ങിയോടി; പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് ശ്രമം

ckmnews


തിരുവനന്തപുരം: പിഎസ്‌സി പരീക്ഷക്കിടെ ആള്‍മാറാട്ടത്തിന് ശ്രമമെന്ന് സംശയം. ഹാള്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങിയോടിയതാണ് സംശയത്തിന് കാരണം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം.

യൂണിവേഴ്‌സിറ്റി എല്‍ജിഎസ് പരീക്ഷയ്‌ക്കെത്തിയ ആളാണ് ഇറങ്ങി ഓടിയത്. പരീക്ഷാഹാളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് പരീക്ഷക്കെത്തിയ ആള്‍ ഇറങ്ങി ഓടിയത്.


ഓടിയ ആളെ പിടികൂടാനായില്ല. സംഭവത്തിന് പിന്നാലെ അധികൃതര്‍ ആള്‍മാറാട്ടമെന്ന് സംശയിക്കുന്നതായി കാണിച്ച് പൂജപ്പുര പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.