08 May 2024 Wednesday

വാഹനനികുതി അടയ്ക്കാതെ വ്യാജ രസീതുണ്ടാക്കി; തിരൂർ ജോയിന്‍റ് ആർടി ഓഫീസിൽ വൻ നികുതി വെട്ടിപ്പ് നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ആറ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

ckmnews

തിരൂർ : മലപ്പുറം തിരൂർ ജോയിൻ ആർടിഒ ഓഫീസിൽ വൻ നികുതി വെട്ടിപ്പ് . നികുതി അടച്ചു എന്ന് വരുത്തിതീർത്ത് വ്യാജ രസീത് ഉണ്ടാക്കി ടാക്സ് വെട്ടിച്ചതായാണ് കണ്ടെത്തിയത്. അരക്കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് സൂചന. നാലു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആറു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.


സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ നികുതി വെട്ടിപ്പുകളിൽ ഒന്നാണ് തിരൂർ ജോയിന്‍റ് ആർടി ഓഫീസിൽ നടന്നിരിക്കുന്നത്. ലക്ഷങ്ങളുടെ വെട്ടിപ്പാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയർ ഡാറ്റ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വ്യാപകമായ ടാക്സി വെട്ടിപ്പ് കണ്ടെത്തിയത്. സ്റ്റേജ് ഗ്യാരേജ്, കോൺടാക്ട് ഗ്യാരേജ് വിഭാഗത്തിൽപ്പെട്ട നികുതി അടക്കാത്ത വാഹനങ്ങൾക്ക് ടാക്സ് ക്ലിയറൻസ് നൽകിയതായും. വാഹനങ്ങൾ ആർ എം എ ചെയ്തതുമായി ബന്ധപ്പെട്ടും ഫോം ജി അപേക്ഷയുമായി ബന്ധപ്പെട്ടു മെല്ലാം ലക്ഷങ്ങളുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇത്തരത്തിൽ ഏതാണ്ട് അരക്കോടിയോളം രൂപയുടെ ടാക്സ് വെട്ടിപ്പ് കണ്ടെത്തിയതായാണ് സൂചന.

സംഭവത്തിൽ ജോയിൻ ആർടി ഓഫീസിലെ ഉദ്യോഗസ്ഥരായ ജൂനിയർ സൂപ്രണ്ട് ടി.ആർ ഷാജി രാജൻ. ഹെഡ് അക്കൗണ്ടന്‍റ് വി. സനൽകുമാർ, സീനിയർ ക്ലർക്ക് രാജേഷ് വി.ആർ, ക്ലാർക്ക് അജയ് ദേവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സീനിയർ ക്ലർക്കുമാരായ രഞ്ജിത് പി.എം,അജയൻ ഒ.എ, നാസർ സി.പി, ആയിഷ വെട്ടാൻ, ക്ലർക്ക് ദൃശ്യ സി.പി എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തു.


വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദക്ഷിണ മേഖല ഡിടിസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. തിരൂർ ജോയിൻ ആർടി ഓഫീസിനെതിരെ നിരവധി ക്രമക്കേടുകൾ ഉണ്ടാവുകയും അവിടുത്തെ ഉദ്യോഗസ്ഥർക്കെതിരെ പലതവണ നടപടി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് സംസ്ഥാനത്തിന് അപൂർവ്വമായ രീതിയിൽ ഇത്തരത്തിൽ വലിയ തുകയുടെ ക്രമക്കേട് നടക്കുന്നതും ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുന്നതും.