09 May 2024 Thursday

സൈബര്‍ കുറ്റകൃത്യങ്ങൾ കൂടുന്നു, സൈബർ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം കൂട്ടും: മുഖ്യമന്ത്രി

ckmnews


തിരുവനന്തപുരം: സാങ്കേതിക വിദ്യ വളരുന്നതിനൊപ്പം സൈബര്‍ കുറ്റകൃത്യങ്ങൾ കൂടുന്നുവെന്നും സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തെ വേണ്ട പ്രാധാന്യത്തോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികൾ വരെ ഊരാക്കുടുക്കിൽപ്പെടുന്നു. ചിലർ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു. ആവശ്യമായ ബോധവത്കരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസില്‍ പുതുതായി രൂപവല്‍ക്കരിച്ച സൈബര്‍ ഡിവിഷന്‍റെയും പുതിയ പൊലീസ് കെട്ടിടങ്ങളുടേയും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

സൈബർ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം കൂട്ടുമെന്നും സൈബർ സാങ്കേതിക മേഖലയിലെ പൊലീസുകാർക്ക് പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണം കൂടുതല്‍ മികച്ചതാക്കും. സാമ്പത്തിക തട്ടിപ്പിനെതിരെ സമൂഹം ജാഗ്രത പാലിക്കണം. 'എന്നെ പറ്റിച്ചോളൂ' എന്ന് പറഞ്ഞ് ആളുകൾ അങ്ങോട്ട് പോകുന്നു. അമിതലാഭം പ്രതീക്ഷിച്ചാണ് പലപ്പോഴും ആളുകൾ കെണിയില്‍ വീഴുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


പൊലീസ് സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് സേനയില്‍ 'ഈഗോ' ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസുകാർക്ക് തങ്ങൾ സേനയിലെ അംഗങ്ങളാണെന്ന തിരിച്ചറിവുണ്ടാകണം. പൊലീസുകാർ ജാഗ്രത പ്രകടിപ്പിച്ചപ്പോൾ വമ്പിച്ച നേട്ടമുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2023-ൽ മാത്രം സൈബർ കുറ്റകൃത്യങ്ങളിൽ 2098 എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു. 2021 ൽ സൈബർ കുറ്റകൃത്യങ്ങളിൽ 20 എഫ്ഐആർ മാത്രമാണ് രജിസ്റ്റർ ചെയ്തത്. സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച 3331 സിം കാർഡുകൾ നശിപ്പിച്ചുവെന്നും ഡിജിപി പറഞ്ഞു.