09 May 2024 Thursday

ടോറസ്, ടിപ്പർ മാത്രമല്ല മൾട്ടി ആക്സിൽ വാഹനങ്ങൾക്കും താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം

ckmnews



കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങൾക്ക് അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി. ബദൽപാതയായ പൂഴിത്തോട്  പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാൻ എംഎൽഎ തലത്തിൽ യോഗം വിളിക്കാനും തീരുമാനമായി. ഗതാഗതകുരുക്ക് പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. അവധി ദിവസങ്ങളിലുൾപ്പെടെ താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളുന്ന പശ്ചാത്തലത്തിലാണ് ജില്ല ഭരണകൂടത്തിന്‍റെ ഇടപെടൽ.

നേരത്തെ പരിഹാര മാർഗ്ഗങ്ങൾ തീരുമാനിച്ചെങ്കിലും പ്രായോഗികമാക്കുന്നതിൽ പാളിച്ചകളുണ്ടായിരുന്നു. നടപടികൾ വൈകുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ആശങ്ക അറിയിച്ചതോടെയാണ് പരിഹാരമാർ‍ഗ്ഗങ്ങൾ ഊർജ്ജിതമാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്. ഏറ്റവുമൊടുവിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്ക് ചുരത്തിലുണ്ടായി. ഇതോടെ, നടപടികൾ വേഗത്തിലാക്കാൻ തീരുമാനമായി. മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ടോറസ്, ടിപ്പർ വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് 3 മുതൽ 9 വരെയും തിങ്കളാഴ്ചകളിൽ രാവിലെ 7 മുതൽ 9 വരെയും നിയന്ത്രണമുണ്ടാകും.