09 May 2024 Thursday

'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിക്കാത്തതിൽ അതൃപ്തി; സദസ്സിനെ നിര്‍ബന്ധിച്ച് മീനാക്ഷി ലേഖി

ckmnews


കോഴിക്കോട്: കോഴിക്കോട് നടന്ന എവേക്ക് യൂത്ത് ഫോര്‍ നേഷന്‍ പരിപാടിയില്‍ 'ഭാരത് മാതാ കീ ജയ്' ഉറക്കെ വിളിക്കാന്‍ സദസ്സിനെ നിര്‍ബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. മന്ത്രിയുടെ വിളി ഏറ്റുവിളിക്കാതെ സദസ്സിൽ ഇരുന്ന സ്ത്രീയോട് ഭാരതം അമ്മയല്ലേയെന്ന് ചോദിച്ച് സദസ്സ് മുഴുവൻ ഏറ്റുവിളിക്കുന്നത് വരെ മീനാക്ഷി ലേഖി വേദിയിൽ നിന്ന് ഭാരത് മാതാ കീ ജെയ് വിളിക്കുകയായിരുന്നു.

സദസ്സ് മുഴുവൻ 'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിക്കാത്തതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ അസ്വഭാവിക പ്രതികരണം. സദസ്സിനോടുള്ള അസന്തുഷ്ടി പ്രകടമാക്കുന്ന ശരീരഭാഷയോടെയായിരുന്നു മീനാക്ഷി ലേഖി 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാൻ സദസ്സിനെ ആവർത്തിച്ച് നിർബന്ധിച്ചത്. 'ഭാരതം നിങ്ങളുടെ അമ്മയല്ലെ അല്ലെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോകണം' എന്നും ഒരുഘട്ടത്തിൽ സദസ്സിൽ ഇരുന്ന സ്ത്രീയോട് മന്ത്രി പ്രതികരിച്ചിരുന്നു. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന പരിപാടിയിലാണ് സംഭവം. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രി 'ഭാരത് മാതാ കീ ജയ്' വിളിച്ചത്. സദസ്സില്‍ ഇരുന്നവര്‍ മുഴുവന്‍ മുദ്രാവാക്യം ഏറ്റുവിളിക്കുംവരെ മന്ത്രി സ്റ്റേജില്‍ നിന്ന് 'ഭാരത് മാതാ കി ജയ്' വിളിക്കുകയും ചെയ്തു.