08 May 2024 Wednesday

നൂറ്റാണ്ടിന്റെ ജീവിതം മറ്റുള്ളവർക്കായി ജീവിച്ചുതീർത്ത ചിത്രൻ നമ്പൂതിരിപ്പാടിന് മരണാനന്തര ആദരമായി പത്മശ്രീ ബഹുമതി

ckmnews



തൃശ്ശൂർ : നൂറ്റാണ്ടിന്റെ ജീവിതം മറ്റുള്ളവർക്കായി ജീവിച്ചുതീർത്ത ചിത്രൻ നമ്പൂതിരിപ്പാടിന് മരണാനന്തര ആദരമായി പത്മശ്രീ ബഹുമതി. സാമൂഹിക, രാഷ്ട്രീയ പരിഷ്കരണത്തിന്റെ മഹാജീവിതയാത്രയ്ക്ക് ഇക്കഴിഞ്ഞ ജൂൺ 27-നാണ് തിരശ്ശീല വീണത്. 30 തവണ നടത്തിയ ഹിമവൽ യാത്രയിൽ മാത്രമല്ല ജീവിതവഴികളിലൊരിക്കലും അദ്ദേഹം ഏകനായിരുന്നില്ല. എഴുത്തും വായനയും യാത്രകളുമെല്ലാം നാടിന്റെ നൻമയ്ക്കുകൂടി എന്ന ലക്ഷ്യമിട്ടു പ്രവർത്തിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തെ വേറിട്ടുനിർത്തുന്നത്.

യാഥാസ്ഥിതിക ചിന്ത പുലർത്തിയിരുന്ന പകരാവൂർ മനയിലെ അംഗമായി ജനിച്ചെങ്കിലും ബാലനായിരിക്കുമ്പോഴേ ചിത്രൻ നമ്പൂതിരിപ്പാട് മാറി ചിന്തിച്ചുതുടങ്ങിയിരുന്നു. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹവേദി സന്ദർശിച്ചത് 11-ാം വയസ്സിലാണ്. ഗുരുവായൂർ ക്ഷേത്രം എല്ലാവർക്കുമായി തുറന്നുകൊടുത്ത് ഏതാനും വർഷങ്ങൾക്കുശേഷം സ്വന്തം ക്ഷേത്രമായ മൂക്കുതല ഭഗവതീക്ഷേത്രത്തിന്റെ വാതിലുകളും അദ്ദേഹം തുറന്നിട്ടു. പിന്നീട് നിർമാല്യം എന്ന മലയാളത്തിലെ ശ്രദ്ധേയമായ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനും മൂക്കുതല ക്ഷേത്രവാതിൽ അദ്ദേഹം തുറന്നു. സ്‌കൂൾ പഠനകാലത്തുതന്നെ പന്തിഭോജനത്തിൽ പങ്കുകൊണ്ട് ജാതിക്കെതിരായി ധീരമായ നിലപാടുകളെടുത്തു.

മദ്രാസിലെ ഡിഗ്രി പഠനത്തിനുശേഷം നാട്ടിലെത്തിയ അദ്ദേഹം വിദ്യാഭ്യാസത്തിലൂടെയേ യഥാർഥ പരിഷ്‌കരണം കൊണ്ടുവരാനാകൂ എന്ന തിരിച്ചറിവിൽ അഞ്ചേക്കർ സ്ഥലത്ത് സ്വന്തം പണം ഉപയോഗിച്ച് സ്‌കൂൾ നിർമിച്ചു. പിന്നീട് ഒരൊറ്റ രൂപ പ്രതിഫലത്തിന് സർക്കാരിന് ആ സ്‌കൂൾ കൈമാറിയെന്നത് ചരിത്രം. പത്തുവർഷം അവിടത്തെ പ്രധാനാധ്യാപകനായി തുടർന്നശേഷം ഡി.ഇ.ഒ., ആർ.ഡി.ഡി. സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം വിദ്യാഭ്യാസരംഗത്തെ ഒട്ടേറെ മാറ്റങ്ങളിൽ പങ്കാളിയായി.


1956-57 അധ്യയനവർഷത്തിൽ എറണാകുളത്തുനടന്ന ആദ്യ സ്‌കൂൾ കലോത്സവത്തിന് തുടക്കമിട്ടവരിൽ ഒരാളും അദ്ദേഹമാണ്. 96-ാം വയസ്സിൽ സ്മരണയുടെ പൂമുഖം എന്ന പേരിൽ ആത്മകഥയുമെഴുതി അദ്ദേഹം.


ക്ഷാമകാലത്ത് തുണയായ സഹകാരിയായും പെൻഷൻകാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം നേടാൻ പോരാടിയ നേതാവായും കലാസാംസ്‌കാരികരംഗത്തെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സാംസ്‌കാരിക പ്രവർത്തകനായും ജീവിതത്തിന്റെ വിവിധ തുറകളിൽ അദ്ദേഹം കണ്ണിയായി. ഒരു നൂറ്റാണ്ടിനു സാക്ഷ്യംവഹിച്ച ജീവിതം എന്നതിനൊപ്പം എങ്ങനെ ജീവിച്ചുവെന്നതും ചിത്രൻനമ്പൂതിരിയെ വേറിട്ട് അടയാളപ്പെടുത്തുന്നു.