09 May 2024 Thursday

ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ് കേസ്; ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി

ckmnews


ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ് കേസിൽ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി. ഉടമകളുടെ 212 കോടി രൂപയുടെ സ്വത്താണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കമ്പനി ഉടമ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ കേസിൽ പ്രതിചേർത്തു. ക്രിപ്റ്റോ കറൻസി വഴി 482 കോടി രൂപ പ്രതികൾ സമാഹരിച്ചിരുന്നു.

ഹൈറിച്ച് കമ്പനിയുടെത് 1630 കോടിയുടെ തട്ടിപ്പാണെന്ന് പൊലീസ് പറഞ്ഞിരുന്നു. തൃശൂർ അഡിഷണൽ സെഷൻസ് കോടതിയിൽ ചേർപ്പ് എസ്‌ഐ റിപ്പോർട്ട് സമർപ്പിച്ചു. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ചെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിനോ അന്വേഷണ ഏജൻസികൾക്കോ കൈമാറാനാണ് നിർദേശം. ഹൈറിച്ചിന് രാജ്യത്താകമനം 680 ഷോപ്പുകളുണ്ടെന്നും 1.63 കോടി ഉപഭോക്താക്കൾ ഉണ്ടെന്നും കണ്ടെത്തലുണ്ട്.


ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മണി ചെയിൻ തട്ടിപ്പ് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് നടന്നത്. ക്രിപ്‌റ്റോ കറൻസി ഉൾപ്പെടെയുള്ള പേരുകളിൽ വലിയ തോതിൽ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിലാണ്.


ഹൈറിച്ച് ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിക്ക് കേരളത്തിൽ 78 ശാഖകളും ഇന്ത്യയിൽ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ക്രിപ്റ്റോ കറൻസി വ്യാപാരം 80 വിദേശ രാജ്യങ്ങളിൽ നടത്തിയുണ്ട്. നിരവധി സാങ്കേതിക കാര്യങ്ങൾ ഉൾപ്പെട്ടതിനാൽ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതൽ സമയവും വേണമെന്നും ചേർപ്പ് പൊലീസ് ആവശ്യപ്പെട്ടിരുന്നു.