09 May 2024 Thursday

'കേരളത്തോടുള്ള അവഗണന, നേട്ടങ്ങൾക്ക് വെല്ലുവിളി';നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിന് കടുത്ത വിമർശനം

ckmnews



തിരുവനന്തപുരം: ഗവർണർ പൂർണ്ണമായി വായിക്കാതിരുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിന് നേരെയുള്ളത് കടുത്ത വിമർശനം. അർഹതപ്പെട്ട ഗ്രാന്‍റ് കേന്ദ്രം തടഞ്ഞുവെച്ചുവെന്നും സംസ്ഥാനത്തിന് പണഞെരുക്കം ഉണ്ടാക്കിയെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു. സർക്കാരിന് മുന്നിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. സർക്കാർ അതിനെ അതിജീവിച്ച് അതിശയകരമായ നേട്ടങ്ങൾ കൈവരിച്ചു. പരമപ്രധാനം സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ നിലനിൽക്കുന്ന അസമത്വമാണ്, അതുമൂലം സംസ്ഥാനത്ത് പണ ഞെരുക്കമുണ്ടായി. ഇക്കാര്യം കേന്ദ്രം പുനഃപരിശോധിക്കണമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ആവശ്യമുയർന്നു.

സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വിഭവസമാഹരണത്തിന് ഗണ്യമായ സ്രോതസ്സ് കേന്ദ്രത്തിനുണ്ട്. സംസ്ഥാനങ്ങൾ അവയുടെ വരുമാനം ഉണ്ടാക്കാനുള്ള സ്രോതസുകളുടെ പരിമിതി കടന്ന് വികസന ചെലവുകൾ ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നു. ഇത് അസമത്വത്തിലേക്ക് വിരൽ ചൂണ്ടുന്നു. കാലക്രമേണ ഇത് കൂടുതൽ തീവ്രമായി സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ പരിമിതപ്പെടുത്തി. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതും റവന്യൂ ഗ്രാൻഡിൽ വന്ന കുറവും സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചു.


സംസ്ഥാനത്തിന്റെ ബജറ്റിന് പുറത്തുള്ള കടമെടുപ്പിൽ കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും സാമ്പത്തികനിലയെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരത്തിനായി സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനം നിർബന്ധിതമായിട്ടുണ്ടെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.

എൻസിഇആർടി പാഠപുസ്തക പരിഷ്കരണത്തിനും നയപ്രഖ്യാപനത്തിൽ വിമർശനമുയർന്നു. പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങൾ എൻസിഇആർടി നീക്കം ചെയ്തു. മുഗൾ ചരിത്രവും ഇന്ത്യയുടെ വിഭജനവും, മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം, പഞ്ചവൽസര പദ്ധതി, അടിയന്തരാവസ്ഥ, ഇന്ത്യയിലെ ജനകീയ പോരാട്ടങ്ങൾ, ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥിതികളും ജാതി സമ്പ്രദായവും എല്ലാം നീക്കം ചെയ്തു.


ഈ പശ്ചാത്തലത്തിൽ കേരളം കൂടുതൽ പാഠപുസ്തകങ്ങൾ ഹ്യൂമാനിറ്റീസിൽ ഉൾപ്പെടുത്തി. നാലു വിഷയങ്ങളിൽ കൂടുതലായി ആറ് പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും നയപ്രഖ്യാപനത്തിൽ കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിനെതിരെ ഇത്രയേറെ വിമർശനങ്ങൾ ഉൾക്കൊള്ളിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഭാഗം മാത്രമാണ് ഗവർണർ വായിച്ചത്. കേവലം ഒരു മിനിറ്റും 17 സെക്കന്റും മാത്രമാണ് ഗവർണർ പ്രസംഗം വായിക്കാനായി ചെലവഴിച്ചത്.