09 May 2024 Thursday

മലയാളികളുടെ തീരാ നഷ്ടം പത്മരാജൻ; വേർപാടിന്‍റെ 33 വർഷം

ckmnews


ശക്തമായ ഭാഷ, അനായാസമായ എഴുത്തിന്റെ ഒഴുക്ക്, ആരെയും പിടിച്ചിരുത്തുന്ന ഭാവാത്മകത. പത്മരാജന്‍ രചനകള്‍ വര്‍ണനാതീതമാണ്. മറക്കാനാവാത്ത കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് അദ്ദേഹത്തിന്റെ തിരക്കഥകളായിരുന്നു. പത്മരാജന്‍ ചിത്രങ്ങള്‍ കാലത്തെ അതിജീവിക്കുന്നതും അതുകൊണ്ടാണ്. പത്മരാജന്‍ വിടവാങ്ങിയിട്ട് ഇന്ന് 33 വർഷം.

46 വയസ്സുവരെ മാത്രം നീണ്ടു നിന്ന പത്മരാജന്റെ സാഹിത്യ, ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒട്ടനവധി ചെറുകഥകള്‍, മുപ്പതിലേറെ നോവല്‍, സ്വന്തം തിരക്കഥയില്‍ പതിനെട്ടു സിനിമകള്‍, കൂടാതെ മറ്റു സംവിധായകര്‍ക്കു വേണ്ടി ഇരുപതോളം തിരക്കഥകള്‍. എല്ലാ അര്‍ത്ഥത്തിലും മലയാളിമനസ്സുകളില്‍ തിളങ്ങി നിന്ന ഗന്ധര്‍വ്വന്‍ തന്നെയായിരുന്നു അദ്ദേഹം.

1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരയ്ക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു. ഇതോടൊപ്പം തന്നെ ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി. 1965ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ സ്ഥിരതാമസമാക്കി.

കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരൻ, പ്രഹേളിക, പുകക്കണ്ണട എന്നിവ.

കഥാരചനയിലെ വൈഭവം നോവൽ രചനയിലേയ്ക്ക് പത്മരാജനെ ആകർഷിച്ചു. 1971-ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധേയമായി. ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഈ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീട് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്. പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ.

1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലൂടെ സംവിധായകനായ പത്മരാജൻ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.

ഭരതന്റേയും കെ ജി ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു. ഭരതനുമായി ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്ന അർഥത്തിൽ മധ്യവർത്തി സിനിമ എന്ന് അറിയപ്പെടുന്നു. 36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.


ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24-ാം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 46 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ചലച്ചിത്രലോകത്തെ വളരെയധികം ഞെട്ടിച്ച ആ വേർപാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിക്കുന്നു.