09 May 2024 Thursday

യുട്യൂബര്‍ ഉണ്ണി വ്ളോഗ്‍സിനെതിരെ സംവിധായകന്‍റെ ജാതി അധിക്ഷേപം; അന്വേഷണം നടത്താൻ കോടതി നിർദേശം

ckmnews


കൊച്ചി: യുട്യൂബർ ഉണ്ണി വ്ലോഗ്‍സിനെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി നടത്തുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്താൻ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. ജനുവരി 5 നാണ് ഉണ്ണി വ്ലോഗ്‍സിനെ ചലച്ചിത്ര സംവിധായകനായ അനീഷ് അൻവർ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. അനീഷ് അൻവർ സംവിധാനം ചെയ്ത 'രാസ്ത' എന്ന സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് അനീഷ് അൻവറിനെ പ്രകോപിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.  


സംഭവത്തിൽ ഉണ്ണി വ്ലോഗ്സ് പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടർന്നാണ് ഉണ്ണി വ്ലോഗ്സ് ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസിൻ്റെ ഗൗരവം മനസ്സിലാക്കിയ ആലുവ മജിസ്ട്രേറ്റ് സന്തോഷ് ടി കെ അന്വേഷണം നടത്താൻ എളമക്കര പൊലീസിന് നിർദേശം നൽകുകയായിരുന്നു. ഉണ്ണി വ്ലോഗ്സിന് വേണ്ടി അഡ്വ. മുഹമ്മദ് ഇബ്രാഹിം ഹാജരായി. 



സർജാനോ ഖാലിദിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത രാസ്ത എന്ന ചിത്രത്തിന്‍റെ റിലീസ് ജനുവരി 5 ന് ആയിരുന്നു. അതേദിവസം തന്നെ ഉണ്ണി വ്ലോഗ്സ് സിനിഫൈല്‍ എന്ന യുട്യൂബ് ചാനലിലൂടെ റിവ്യൂവും എത്തിയിരുന്നു. സംവിധായകന്‍ അനീഷ് അന്‍വര്‍ തന്നെ ഫോണില്‍ വിളിച്ചതിന്‍റെ ഓഡിയോ റെക്കോര്‍ഡ് തൊട്ടുപിറ്റേദിവസം ഉണ്ണി തന്‍റെ യുട്യൂബ് ചാനലിലൂടെത്തന്നെ പുറത്തുവിട്ടിരുന്നു.