09 May 2024 Thursday

ജനങ്ങളെ പ്രകോപിപ്പിച്ചു'; രാഹുൽ ​ഗാന്ധിക്കെതിരെ കേസ് എടുക്കാൻ നിർദേശം നൽകി അസം മുഖ്യമന്ത്രി

ckmnews

'


ദിസ്പുർ: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദേശം. ജനങ്ങളെ പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ച് ആണ് രാഹുൽ ​ഗാന്ധിക്കെതിരെ കേസ്. ഗുവാഹത്തിയിൽ ഭാരത് ജോഡ‍ോ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേട് മറികടക്കാൻ ശ്രമിച്ചത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷത്തിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധിക്കെതിരെ നടപടി. കേസ് എടുക്കാൻ ഡിജിപിയോട് മുഖ്യമന്ത്രി നിർദേശം നൽകി.


അതേസമയം ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ രാഹുൽ ​ഗാന്ധി രം​ഗത്തെത്തി. ന്യായ് യാത്ര തടസ്സപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന് അ​ദ്ദേഹം ആരോപിച്ചു. ഭയപ്പെടുത്താമെന്ന് കരുതേണ്ട. അസം മുഖ്യമന്ത്രി മനപൂർവ്വം പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയാണ്. യാത്രയ്ക്ക് അനുമതി നിഷേധിക്കുന്ന അസം സർക്കാരിന്റെ ഉദ്ദേശ്യമെന്തന്ന് വ്യക്തമാണ്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് അസം മുഖ്യമന്ത്രിയെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു.

ഭാരത് ജോഡ‍ോ ന്യായ് യാത്ര ​ഗുവാഹത്തി ന​ഗരത്തിലേക്ക് പ്രവേശിക്കവെയാണ് കോൺ​ഗ്രസ് പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികട‌ന്നത്. ഞങ്ങൾ ബാരിക്കേഡുകളാണ് മറികട‌ന്നത്, നിയമമല്ല മറികടന്നതെന്ന് പ്രവർത്തകർ ബാരിക്കേഡ് മറികടന്നതിന് പിന്നാലെ രാഹുൽ ​ഗാന്ധി പറഞ്ഞു. അസം മുഖ്യമന്ത്രിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിയമങ്ങൾ ലംഘിക്കാൻ കഴിയും, പക്ഷെ കോൺ​ഗ്രസ് ഒരിക്കലും അങ്ങനെ ചെയ്യില്ല. അതിന് അർത്ഥം ഞങ്ങൾ ദുർബലരാണെന്നല്ല. കോൺഗ്രസ് പ്രവർത്തകർ 'ബബ്ബർ ഷേർ' ആണ്, സമിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാഹുൽ ​ഗാന്ധി പറഞ്ഞു.

ന്യായ് യാത്ര ​ഗുവാഹത്തിയിൽ പ്രവേശിക്കുന്നതിന് അസം സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. സർക്കാറിന്റെ വിലക്കിനെ അവഗണിച്ചാണ് യാത്ര ഗുവാഹത്തിൽ എത്തിയത്. രാഹുൽ ഗാന്ധിക്ക് മാധ്യമങ്ങളെ കാണാൻ പോലും ഗുവാഹത്തിയിൽ അനുമതി ഇല്ലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചതെന്നായിരുന്നു സർക്കാർ വിശദീകരണം. കാൽനടയായും കാറിലും ബസിലുമായാണ് ഇന്നത്തെ യാത്ര. തിങ്കളാഴ്ച അസമിൽ ബട്ടദ്രവ സത്ര സന്ദര്‍ശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞു.