08 May 2024 Wednesday

ഉത്സവപ്പറമ്പിലെ കീലേരി അച്ചുവും ദശമൂലം ദാമുവും സൂപ്പർഹിറ്റ്

ckmnews


തൃശൂർ: മണിച്ചിത്രത്താഴിലെ കാട്ടുപറമ്പൻ, കൺകെട്ടിലെ കീലേരി അച്ചു, പഞ്ചാബി ഹൗസിലെ രമണൻ, ആടിലെ ഷാജി പാപ്പൻ...സിനിമയിലെ അടിപൊളി കഥാപാത്രങ്ങൾ ഫൈബറിൽ ഉണ്ടാക്കിയ മീം താരങ്ങളായി ഉത്സവ പറമ്പുകളിലേക്ക്. സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെചട്ടമ്പിനാടിലെ ദശമൂലം ദാമുവിനെ കണ്ട, സുരാജ് വെഞ്ഞാറമൂട് ഫ്ലാറ്റ്!ഉടൻ ഗുരുവായൂർ പേരകം സൗപർണ്ണിക കലാലയം സംഘത്തെ വിളിച്ച് അഭിനന്ദിച്ചു. മാർച്ച് ഒന്നിന് വെഞ്ഞാറമൂടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് ബുക്കുചെയ്തു. മയിൽ രൂപങ്ങളെയും വാദ്യകലാകാരൻമാരെയും ആവശ്യപ്പെട്ടിട്ടുണ്ട്.


താരങ്ങളുടെ ഡയലോഗുകൾ കൂടി റെക്കാഡ് ചെയ്ത് കേൾപ്പിച്ചാൽ ഗംഭീരമാകുമെന്ന് സുരാജിന്റെ ഉപദേശം. വാദ്യകലാകാരന്മാർ അണിനിരക്കുന്നതിനൊപ്പമാണ് ഈ കഥാപാത്രങ്ങളും ഉത്സവങ്ങളുടെ ഭാഗമാവുന്നത്. രണ്ടാഴ്ചയ്ക്കിടെ നടന്ന ആറു ഉത്സവങ്ങളിൽ ഈ മീം താരങ്ങളെ കാണാൻ വൻ തിരക്കായിരുന്നു. അടുത്ത മാസം വരെ ഡേറ്റില്ല. എൺപതിലേറെ ഉത്സവങ്ങളിലേക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്.

വ്യത്യസ്തത വിജയിച്ചു

പതിറ്റാണ്ടുകളിലായി ഉത്സവപ്പറമ്പുകളിൽ സ്ഥിരമായി കണ്ടുവരുന്ന തെയ്യവും ദേവീദേവന്മാരെയും മാറ്റിപിടിച്ച് സൗപർണ്ണിക കലാനിലയം മയിലുകളെയും മറ്റു പക്ഷികളെയുമെല്ലാം പൂരപ്പറമ്പിലെത്തിച്ചു. അതു വിജയിച്ചു. അങ്ങനെ ഈ സീസണിൽ ഹാസ്യകഥാപാത്രങ്ങളെ കൊണ്ടുവരാൻ തീരുമാനിച്ചു. ഇതിനായി പ്രത്യേക മോൾഡ് ഉണ്ടാക്കി. രൂപങ്ങളെ ഓരോരുത്തരുടെ തോളിൽ ഘടിപ്പിച്ച് ഷർട്ട് ധരിപ്പിക്കും. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പെട്ടെന്നാണ് പ്രചരിച്ചത്. രണ്ടു മാസത്തിനുള്ളിലാണ് അഞ്ചു രൂപങ്ങളും തയ്യാറാക്കിയത്. ഒൻപത് അടി ഉയരവും 20 കിലോഗ്രാം തൂക്കവുമാണ് ഓരോ രൂപത്തിനും. സൗപർണിക കലാലയത്തിലെ ഭാസ്‌കരൻ, രഞ്ജിത്ത്, ബൈജു, രാജീവ്, ചന്ദ്രൻ എന്നിവരാണ് വേഷങ്ങൾ ധരിച്ചത്. അഭിലാഷ്, ഗൗതം എന്നിവരാണ് സഹായികൾ.

പുതിയ പരീക്ഷണങ്ങളുടെ ഭാഗമായാണ് ഹാസ്യതാരങ്ങളുടെ രൂപങ്ങൾ ചെയ്തത്. ഇത്രയേറെ വിജയിക്കുമെന്ന് പ്രതീക്ഷിച്ചില്ല.

രാജേഷ്

സൗപർണ്ണിക കലാലയം ഉടമ