09 May 2024 Thursday

മഹാരാജാസ് കോളജിലെ സംഘർഷം; പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ckmnews

മഹാരാജാസ് കോളേജിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. പ്രകടനം നടത്തി മാർഗതടസം സൃഷ്ടിച്ചു എന്ന കുറ്റത്തിനാണ് കേസ്. കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത. കത്തിക്കുത്തുമായി ബന്ധപ്പെട്ട 15 പേർക്കെതിരെയാണ് ഇതുവരെ പൊലീസ് കേസെടുത്തത്. 15 പേരും കെഎസ്‌യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവർത്തകരാണ്. കേസുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവർത്തകൻ ഇജിലാലിനെയാണ് പൊലീസ് അവസാനമായി അറസ്റ്റ് ചെയ്തത്. കേസിൽ എട്ടാം പ്രതിയാണ് ഇജിലാൽ. എസ്എഫ്ഐ യൂണിറ്റ് നാസർ അബ്ദുൾ റഹ്മാനായിരുന്നു കുത്തേറ്റത്.


മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി അബ്ദുൾ മാലിക്കിനെ ഒന്നാംപ്രതി ആക്കിയാണ് കേസ്. കേസിൽ പ്രതിചേർക്കപ്പെട്ട രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ആശുപത്രി വിട്ടാൽ ഉടനെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കമുണ്ട്.