08 May 2024 Wednesday

കെ .ജെ. ജോയിക്ക് അന്ത്യാഞ്ജലി, സംസ്‌കാരം ഇന്ന്

ckmnews


ചെന്നൈ: ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് കാല പരിധികളില്ലാത്ത സംഗീതമൊരുക്കിയ കെ.ജെ. ജോയിക്ക് ചെന്നൈയിലെ ചലച്ചിത്ര പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും അന്ത്യാഞ്ജലി. മലയാളത്തിന് ഒരു പിടി മികച്ചഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ കെ.ജെ. ജോയ് (77) തിങ്കളാഴ്ചയാണ് സാന്തോം ഹൈറോഡിലെ വസതിയിൽ അന്തരിച്ചത്.

പക്ഷാഘാതത്തെത്തുടർന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്നു അദ്ദേഹം. ഭൗതികശരീരം മോർച്ചറിയിൽനിന്ന് ബുധനാഴ്ചരാവിലെ പത്തിന് സാന്തോമിലെ വസതിയിലെത്തിച്ച് പൊതുദർശനത്തിന് വെക്കും. അന്ത്യശുശ്രൂഷാ കർമങ്ങൾക്കുശേഷം വൈകീട്ട് മൂന്നിന് കിൽപ്പോക്ക് സെമിത്തേരിയിൽ സംസ്കരിക്കും.

1946 ജൂൺ 14-ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ ജോസഫിന്റെയും മേരി ജോസഫിന്റെയും മകനായി ജനിച്ച ജോയി ചെറുപ്പത്തിൽത്തന്നെ കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. പള്ളികളിൽ ക്വയർ സംഘത്തിന് വയലിൻവായിച്ചാണ് സംഗീതരംഗത്തേക്ക്‌ കടന്നുവരുന്നത്. അക്കോർഡിയൻ എന്ന സംഗീതോപകരണം വിദഗ്ധമായി കൈകാര്യംചെയ്തിരുന്ന ചുരുക്കം സംഗീതജ്ഞരിലൊരാളായിരുന്നു.  ഗാനമേളകളിൽ അക്കോർഡിയൻ തകർത്തുവായിക്കുന്നത് കണ്ട സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥൻ പതിനെട്ടാംവയസ്സിൽ ജോയിയെ തന്റെ ഓർക്കസ്ട്രയിൽ ചേർത്തു. ഇവിടെനിന്നാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. എം.എസ്. വിശ്വനാഥനുവേണ്ടി മാത്രം അഞ്ഞൂറിലധികം സിനിമകളിൽ സഹായിയായി. കെ.വി. മഹാദേവന്റെയും ഹിന്ദി സിനിമസംഗീത രംഗത്തെ പ്രമുഖരായ നൗഷാദ്, ലക്ഷ്മികാന്ത് പ്യാരിലാൽ, മദന്മോഹൻ, ബാപ്പി ലഹരി, ആർ.ഡി. ബർമൻ തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു. ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ കീബോർഡ് ആദ്യമായി അവതരിപ്പിച്ചതും ജോയ് ആയിരുന്നു. നൂറോളം സംഗീതസംവിധായകർക്കുവേണ്ടി അക്കോർഡിയനും കീബോർഡും വായിച്ചയാൾ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.

കാലത്തിനും വളരെമുമ്പേനടന്ന സംഗീത സംവിധായകനായിരുന്നു ജോയ്. പാശ്ചാത്യ സംഗീതത്തിലെ അപാരമായ ധാരണ അദ്ദേഹത്തിന്റെ പാട്ടുകളോരോന്നും വ്യത്യസ്ത അനുഭവങ്ങളാക്കി. 1975-ൽ പുറത്തിറങ്ങിയ ‘ലൗ ലെറ്റർ’ എന്ന മലയാളചിത്രത്തിലാണ് കെ.ജെ. ജോയ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. ലിസ, സർപ്പം, സായുജ്യം, തരംഗം, മനുഷ്യമൃഗം തുടങ്ങി. 65-ഓളം മലയാളചിത്രങ്ങൾക്ക് സംഗീതം നൽകി. പ്രധാന ഗാനങ്ങൾ: 'അക്കരയിക്കരെ' (ഇതാ ഒരുഗീതം), 'കസ്തൂരിമാൻ മിഴി' (മനുഷ്യമൃഗം), 'തെച്ചിപ്പൂവേ മിഴി തുറക്കൂ' (ഹൃദയം പാടുന്നു), 'ആരാരോ ആരിരാരോ' (ആരാധന), ‘കാലിത്തൊഴുത്തിൽ പിറന്നവനേ’(സായുജ്യം), ‘സ്വർണമീനിന്റെ ചേലൊത്ത’(ശക്തി). ബിന്ദുനീയാനന്ദ ബിന്ദുവോ (ചന്ദനച്ചോല). 1994-ൽ ദാദ എന്ന ചിത്രത്തിനുവേണ്ടിയാണ് ഒടുവിൽ ഈണംനൽകിയത്. മലയാളത്തിനു പുറമെ പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങൾക്കും പശ്ചാത്തലസംഗീതമൊരുക്കി.

ഭാര്യ: രഞ്ജിനി. മക്കൾ: അശോക്, ഏയ്ഞ്ചൽ, ആനന്ദ്, അമിത, ആലീസ്. മരുമക്കൾ: ക്രിസ്റ്റഫർ, ടീന.