09 May 2024 Thursday

അതിരപ്പള്ളി വനത്തില്‍ അതിക്രമിച്ചുകയറിയ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

ckmnews


അതിരപ്പിള്ളി വനത്തില്‍ അതിക്രമിച്ചുകയറിയ വിനോദസഞ്ചാരികള്‍ക്കെതിരെ കേസെടുത്തു. അങ്കമാലി സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. അതിരപ്പിള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആണ് കേരള ഫോറസ്റ്റ് ആക്ട് പ്രകാരം നടപടിയെടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന താത്ക്കാലിക വാച്ചര്‍ അയ്യമ്പുഴ സ്വദേശി ശ്രീലേഷും കേസില്‍ പ്രതിയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ചംഗ വിനോദസഞ്ചാരികള്‍ അതിരപ്പിള്ളി വനത്തില്‍ അതിക്രമിച്ച് കയറിയത്. സംരക്ഷിത വനമേഖലയായതിനാല്‍ വനംവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് വനത്തില്‍ പ്രവേശിക്കാനാകൂ. എന്നാല്‍ ഇത്തരത്തിലൊരു അനുമതിയിലുമില്ലാതെ പത്ത് കിലോമീറ്ററോളമാണ് സഞ്ചാരികള്‍ വാഹനവുമായി അതിക്രമിച്ചുകയറിയത്. താത്ക്കാലിക വാച്ചറുടെ സഹായത്തോടെയായിരുന്നു ഇവരുടെ യാത്ര. ഇയാള്‍ അടക്കം ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.