09 May 2024 Thursday

അമൃത എക്‌സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

ckmnews


കോട്ടയം: അമൃത എക്‌സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. മധുരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അമ്യത എക്‌സ്പ്രസില്‍ വച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.


ട്രെയിൻ കോട്ടയം വിട്ടപ്പോഴായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ ഇരുപത്തിനാലുകാരിയോട് ഇയാൽ അതിക്രമം നടത്തിയത്. ഇതിനുപിന്നാലെ യുവതി കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പോലീസില്‍ പരാതി നല്‍കി.

സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കോട്ടയം റെയില്‍വേ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. റെയില്‍വേ എസ്.എച്ച്.ഒ. റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള അനേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലേക്ക് ജോലിക്കാരെ വിതരണംചെയ്യുന്നയാളാണ് അഭിലാഷ്.