09 May 2024 Thursday

മകരവിളക്കിനൊരുങ്ങി സന്നിധാനം

ckmnews


ശബരിമല: ശരണമന്ത്രങ്ങളുമായി പർണശാലകളിൽ മകരജ്യോതി ദർശനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ് ഭക്തർ. പൂങ്കാവനത്തിലെ മകരജ്യോതി ദൃശ്യമാകുന്ന ഭാഗങ്ങളിലെല്ലാം കാട്ടുകമ്പുകളും ഇലകളും ബെഡ്ഷീറ്റുകളും ടാർപ്പോളിൻ ഷീറ്റുകളും ഉപയോഗിച്ചാണ് പർണശാലകൾ നിർമ്മിക്കുന്നത്. ഇതിനുള്ളിൽ കർപ്പൂര ദീപ പ്രഭയുടെ വെളിച്ചത്തിലാണ് തീർത്ഥാടക സംഘം താളമേളങ്ങളുടെ അകമ്പടിയിൽ പൂങ്കാവനം ഭക്തിസാന്ദ്രമാക്കുന്നത്. 


ഗുരുസ്വാമി മാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലർച്ചെ മുതൽതന്നെ വനത്തിനുള്ളിൽ തമ്പടിക്കുവാൻ ആരംഭിച്ചിരുന്നു. പാണ്ടിത്താവളത്തിലും കൊപ്രാക്കളത്തിന് സമീപവും പുൽമേടുപാതയുടെ വശങ്ങളിലുമാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ തമ്പടിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ അരലക്ഷം ഭക്തരാണ് പാണ്ടിത്താവളം ഭാഗത്ത് എത്തിയത്. എരുമേലിയിൽ പേട്ടകെട്ടിയതിനുശേഷം അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങൾ കൂടി ഇന്ന് സന്നിധാനത്ത് എത്തുന്നതോടെ പൂങ്കാവനം ഭക്തിയുടെ പാരമ്യതയിലേക്കുയരും. 15ന് വൈകിട്ടാണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയുന്നത്. 


ജ്യോതി ദർശനത്തിനുശേഷം തീർത്ഥാടകർ പർണ്ണശാലകളിൽ നിന്നും സന്നിധാനത്തെത്തി തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കണ്ട് തൊഴുത് ആത്മസായൂജ്യവുമായി മലയിറങ്ങും.മകരവിളക്ക് ദർശനത്തിനായി അയ്യപ്പഭക്തർ സാധാരണ തമ്പടിക്കുന്ന പാണ്ടിത്താവളം, ഒരുക്കുഴി ഉൾപ്പെടെയുള്ള പ്രദേശങ്ങപളിൽ ഇതിനോടകം കെ.എസ്.ഇ.ബി പ്രത്യേകം വെളിച്ചം ക്രമീകരിച്ചു. ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത് പ്രകാരം കൂടുതൽ സ്ഥലങ്ങളിൽ വെളിച്ചം ഒരുക്കുമെന്ന് കെ.എസ്.ഇ.ബിയുടെ നോഡൽ ഓഫീസർ ആർ. ബിജുരാജ് പറഞ്ഞു.മകരജ്യോതി ദർശനത്തിനായി വനാതിർത്തികളിൽ തമ്പടിക്കുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനം വകുപ്പ് രാത്രിയിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കി. ഭക്തർക്ക് അനുവദനീയമായ പ്രദേശം വിട്ട് വനത്തിനുള്ളിലേക്ക് കയറുന്നുണ്ടെങ്കിൽ തടയും. ടെന്റ്, കുടിൽ കെട്ടാനുള്ള സാമഗ്രികൾ, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുമായി വനത്തിൽ പ്രവേശിക്കുന്നത് കർശനമായി തടയുകയും സാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്യും.സത്രം പുല്ലുമേട് റൂട്ടിലെ ആർ.ആർ.ടി അംഗങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തിയിട്ടുണ്ട്. എലഫന്റ് സ്‌ക്വാഡ് നിലവിൽ സജീവമായി തന്നെ രംഗത്തുണ്ട്. എമർജൻസി റെസ്‌ക്യൂ സർവീസും കാര്യക്ഷമമാണ്. സന്നിധാനത്ത് 120 പേരാണ് വനം വകുപ്പിൽ നിന്ന് ഡ്യൂട്ടിയിൽ ഉള്ളത്. ആവശ്യമെങ്കിൽ മറ്റ് അധിക ക്രമീകരണങ്ങൾ കൂടി ഏർപ്പെടുത്തും എന്ന് ശബരിമല സെക്ഷൻ ഓഫീസർ രാജീവ് രഘുനാഥ് പറഞ്ഞു.


സന്നിധാനത്തും പരിസരത്തും മറ്റു ബന്ധപ്പെട്ട ഇടങ്ങളിലും തീപിടിത്ത സാഹചര്യമൊഴിവാക്കാൻ ഫയർഫോഴ്‌സ് കർശന പരിശോധനകളും നടപടികളുമാണ് സ്വീകരിക്കുന്നത്. സന്നിധാനത്തെ ഫയർ ഹൈഡ്രന്റകൾ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഒപ്പം പരിശീലന ക്ലാസുകളും ബോധവത്ക്കരണവും നൽകുന്നുണ്ട്. 24 മണിക്കൂറും സജ്ജരായിരിക്കുന്ന സ്ട്രക്ചർ ടീമും സജീവമാണെന്ന് ഫയർഫോഴ്‌സ് സ്‌പെഷ്യൽ ഓഫീസർ അരുൺ ഭാസ്‌കർ പറഞ്ഞു.