09 May 2024 Thursday

മകരവിളക്ക് സുരക്ഷാക്രമീകരണങ്ങൾ: പൊലീസ് മേധാവി നാളെ ശബരിമല സന്ദർശിക്കും

ckmnews



മകരവിളക്ക് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താനായി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നാളെ ശബരിമല സന്ദർശിക്കും. രാവിലെ ഒൻപതു മണിക്ക് നിലയ്ക്കലിൽ എത്തുന്ന അദ്ദേഹം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അവലോകന യോഗങ്ങളിലും സംബന്ധിക്കും.

മൂന്നു കേന്ദ്രങ്ങളിലെയും സുരക്ഷാക്രമീകരണങ്ങൾ അദ്ദേഹം നേരിട്ടു വിലയിരുത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. മകരജ്യോതി ദർശനം സുഗമാക്കാനുള്ള സൗകര്യങ്ങൾ വിലയിരുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നേരത്തെ പറഞ്ഞിരുന്നു. പാണ്ടിത്താവളം, മരാമത്ത് ബിൽഡിംഗിൻ്റെ എതിർവശത്തുള്ള മൂന്ന് തട്ടുകൾ, ബിഎസ്എന്‍എല്‍ ബിൽഡിംഗിൻ്റെ തെക്കേവശം, ലോവർ തിരുമുറ്റം, അപ്പർ തിരുമുറ്റം, അന്നദാന മണ്ഡപത്തിന് മുൻവശം എന്നിങ്ങനെ പ്രധാനമായും 10 സ്ഥലങ്ങളാണ് ബാരിക്കേഡ് കെട്ടി ഒരിക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


മകരജ്യോതി ദർശിക്കാനെത്തുന്ന ഭക്തർക്ക് വേണ്ട വെള്ളവും ലഘുഭക്ഷണവും ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യാനായി സംഭരിച്ചിട്ടുണ്ട്. ഇത്തവണ ആദ്യമായി 14,15 തിയതികളിൽ മകരജ്യോതി ദർശനത്തിനെത്തുന്ന ഒരു ലക്ഷത്തോളം അയ്യപ്പഭക്തൻമാർക്ക് അന്നദാനം ഒരുക്കുവാനുള്ള സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിയ സൗകര്യങ്ങളാല്ലാതെ മറ്റ് വനപ്രദേശങ്ങളിൽ കടക്കാൻ പാടില്ല. ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ, വിഷച്ചെടികൾ എന്നിവയുടെ ശല്ല്യമുണ്ടാകാനിടയുണ്ട്. കെട്ടിടങ്ങളുടെ മുകളിലും കയറാൻ പാടുള്ളതല്ല. പോലീസ്, വനപാലകർ ഇവർ നൽകുന്ന നിർദ്ദേശം അനുസരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊച്ചു കുട്ടികളും മുതിർന്ന അമ്മമാരും 14,15 തീയതികളിലെ യാത്ര ഒഴിവാക്കി 16 മുതൽ 20 വരെ തിരുവാഭരണം ചാർത്തിയ അയ്യപ്പ ഭഗവാനെ ദർശിക്കാൻ എത്തുന്നതാവും അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.