08 May 2024 Wednesday

കൈവെട്ട് കേസ്; സവാദ് എട്ടു വർഷമായി കേരളത്തിൽ; തെളിവായത് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്

ckmnews


തൊടുപുഴയിൽ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് എട്ടുവർഷമായി കേരളത്തിലുണ്ടായിരുന്നെന്ന് കണ്ടെത്തൽ. വളപട്ടണം, വിളക്കോട്, ബേരം എന്നിവിടങ്ങളിൽ താമസിച്ചു. ഇളയകുട്ടിയുടെ ജനന സർട്ടഫിക്കറ്റാണ് സവാദിനെതിരെ തെളിവായത്. ഷാജഹാൻ എന്ന് പേര് മാറ്റിയെങ്കിലും ജനന സർട്ടിഫിക്കറ്റിൽ പേര് സവാദ് എന്നു തന്നെയായിരുന്നു.

ടി ജെ ജോസഫിന്റെ കൈവെട്ടുന്ന സമയത്ത് സവാദിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകളും പ്രതിയെ തിരിച്ചറിയാൻ സഹായകരമയി. എട്ടുവർഷം മുൻപ് കാസർഗോഡ് നിന്ന് ഒരു എസ്ഡിപിഐ നേതാവിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിൽ പള്ളിയിൽ നൽകിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തിൽ തന്നെ തങ്ങി.

റിയാസ് എന്നയാളാണ് സവാദിന് ജോലി തരപ്പെടുത്തിക്കൊടുത്തത്. മരപ്പണിക്കായി കോൺട്രാക്ട് ചെയ്ത് കൊടുത്തിരുന്നു. റിയാസ് എസ്ഡിപിഐക്കാരാനാണ്. സവാദ് ജോലി ചെയ്തിരുന്നത് എസ്ഡിപിഐക്കാർക്കൊപ്പമായിരുന്നു. എന്നാൽ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് ശേഷം സവാദ് എവിടെയായിരുന്നു എന്നകാര്യത്തിൽ വ്യക്തതയില്ല. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ സവാദിനെ പിടികൂടിയത്.


രഹസ്യവിവരത്തെ തുടർന്നാണ് സവാദിനെ എൻഐഎ സവാദിനെ അറസ്റ്റ് ചെയ്തത്. നാടുമായി സവാദ് ഒരു ബന്ധവും പുലർത്തിയിരുന്നില്ല. സവാദിനൊപ്പം ഭാര്യയും കുട്ടിയുമുണ്ടായതായി വിവരം. പുലർച്ചെയായിരുന്നു എൻഐഎ റെയ്ഡ് നടത്തിയത്. ആദ്യം ഐഡന്റിറ്റി വെളിപ്പെടുത്താൻ സവാദ് തയാറായില്ലായിരുന്നു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോൾ സമ്മതിക്കുകയായിരുന്നു.