09 May 2024 Thursday

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 11ന്‌ തുടങ്ങും; ഇത്തവണ കുട്ടികൾക്കും സാഹിത്യോത്സവമുണ്ടാവും

ckmnews



ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിന് കോഴിക്കോട്ട്‌ തുടക്കമാകും. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പാണ് ജനുവരി 11 മുതൽ 14 വരെ അരങ്ങേറുന്നത്. കോഴിക്കോട്‌ കടപ്പുറത്ത് ഏഴ്‌ വേദികളിലായി നാലു ദിവസമായിട്ടാണ് സാഹിത്യോത്സവം.

ഒമ്പത്‌ രാജ്യങ്ങളിൽ നിന്നുള്ള കലാ–സാഹിത്യ പ്രതിഭകൾ പങ്കെടുക്കും. സംവാദങ്ങൾ അരങ്ങേറുന്നത് 325 സെഷനുകളിലായിരിക്കും. ഇത്തവണത്തെ അതിഥിരാജ്യം തുർക്കിയാണ്‌. ജനുവരി 11ന്‌ രാവിലെ 11.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സാഹിത്യോത്സവം ഉദ്‌ഘാടനം ചെയ്യും. എം ടി വാസുദേവൻ നായർ, സച്ചിദാനന്ദൻ, എം മുകുന്ദൻ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, പി എ മുഹമ്മദ്‌റിയാസ്‌ , സജി ചെറിയാൻ, മല്ലികാസാരാഭായ്‌ തുടങ്ങിയവരും ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. നൊബേൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ കൈലാഷ് സത്യാർഥി, തുർക്കി അംബാസഡർ ഫിറാത് സുനേൽ, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, വില്യം ഡാൽറിമ്പിൾ, ജെറി പിന്റോ, ചലച്ചിത്ര നടൻ പ്രകാശ് രാജ്, പെരുമാൾ മുരുകൻ, രഘുറാം രാജൻ, മണിശങ്കർ അയ്യർ, ഹരീഷ് ശിവരാമകൃഷ്‌ണൻ, ബർഖ ദത്ത്, സക്കറിയ, ഉർവശി ഭൂട്ടാലിയ, സുനിൽ പി ഇളയിടം, റസൂൽ പൂക്കുട്ടി, കെ കെ ശൈലജ, നടി ഷീല തുടങ്ങി സാഹിത്യ–രാഷ്‌ട്രീയ–സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖർ സംവാദത്തിൽ പങ്കാളിയാകും.ഡിസി കിഴക്കെമുറി ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന സാഹിത്യോത്സവത്തിൽ സാഹിത്യം, കല, ചരിത്രം, രാഷ്ട്രീയം, സയൻസ്, സാങ്കേതികം, സംരംഭകത്വം, ആരോഗ്യം, യാത്ര, സംഗീതം, സാമ്പത്തികം, കായികം തുടങ്ങി വിവിധ മേഖലകൾ ചർച്ചയാകും. ഇത്തവണത്തെ പ്രത്യേകത കുട്ടികൾക്കായും സാഹിത്യോത്സവമുണ്ട് എന്നതാണ്. വിവിധ ദിവസങ്ങളിൽ കലാ–സാംസ്‌കാരിക പരിപാടികളും അരങ്ങേറും.