09 May 2024 Thursday

ശർമിള കോൺഗ്രസിൽ ചേർന്നു; വൈഎസ്ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിച്ചു

ckmnews


ദില്ലി: വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപക വൈ എസ് ശർമിള കോൺഗ്രസിൽ ചേർന്നു. ദില്ലിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് ശർമിള കോൺഗ്രസിൽ ചേർന്നത്. വൈ എസ് രാജശേഖര റെഡ്ഢിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിള.

2009-ൽ വൈ എസ് രാജശേഖര റെഡ്ഢി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത് ആന്ധ്രയിൽ കോൺഗ്രസിന് വലിയ ആഘാതമായിരുന്നു. അതിലും വലിയ ആഘാതമായിരുന്നു, മകൻ ജഗൻമോഹന് മുഖ്യമന്ത്രി പദവി കൊടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് വൈഎസ്ആറിന്‍റെ ഭാര്യ വൈ എസ് വിജയമ്മ തന്‍റെ രണ്ട് മക്കളെയും കൂട്ടി പാർട്ടി വിട്ടത്. ആന്ധ്രയൊട്ടാകെ മക്കളെയും കൂട്ടി വിജയമ്മ നടത്തിയ 'പ്രജാ സങ്കൽപ' എന്ന പദയാത്ര അന്ന് ആന്ധ്രയിലെ കോൺഗ്രസിന്‍റെ വേരറുത്തു. വലിയ വിജയത്തോടെ 2019-ൽ ജഗൻമോഹൻ മുഖ്യമന്ത്രിയുമായി. എന്നാൽ ഇത്തവണ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന ശർമിള കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.