09 May 2024 Thursday

‘ദ്രാവിഡ മോഡൽ തമിഴ്‌നാടിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റി’; പ്രധാനമന്ത്രിയെ വേദിയിലിരുത്തി നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എംകെ സ്റ്റാലിൻ

ckmnews



സർവകലാശാലകൾ ഒരോ രാജ്യത്തെയും മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർവകലാശാലകൾ സാമൂഹിക നീതി ഉറപ്പാക്കുന്ന കേന്ദ്രങ്ങളാകണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ് നാട് തിരുച്ചിറപ്പള്ളിയിൽ ഭാരതീദാസൻ സർവകലാശാല ബിദുരദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു രണ്ടുപേരും. 


തമിഴ്‌നാടിന്റെ ദ്രാവിഡ മാതൃക വിദ്യഭ്യാസത്തിന് നൽകുന്ന പ്രാധാന്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ വേദിയിലിരുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അക്കമിട്ടു നിരത്തി. രാജ്യത്തെ വികസന പ്രവർത്തനങ്ങളും വിദ്യഭ്യാസ മേഖലയിലെ മുന്നേറ്റവും മോദിയും വിശദീകരിച്ചു. തുടർന്ന്, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നടത്തിയ ചടങ്ങിൽ 20,140 കോടി രൂപയുടെ വികസന പദ്ധതികൾ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.


പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം തമിഴ് നാട്ടിനൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളുടെ പൂർത്തീകരണം, കൂടുതൽ വിദേശ വിമാന സർവീസുകൾ, മെട്രോ റെയിലിന് രണ്ടാം ഘട്ട തുക, പ്രളയദുരിതാശ്വാസം എന്നിവയിൽ വേഗത്തിൽ നടപടിയുണ്ടാകണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തും. മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ഇന്ന് നരേന്ദ്രമോദിയെ കണ്ടേക്കും.