09 May 2024 Thursday

ഇന്‍ഡ്യാ മുന്നണി; സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കം

ckmnews


ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തിന്റെ ലോക്സഭാ സീറ്റ് വിഭജന ചർച്ചകൾക്ക് ഇന്ന് തുടക്കം. മഹാരാഷ്ട്രയിലെ സീറ്റ് ചർച്ചകൾ കോൺഗ്രസ് നടത്തും. ജെഡിയു ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും ലോക്‌സഭ സീറ്റ് വിഭജന ചർച്ചകൾ നടക്കും. ഇന്‍ഡ്യ സഖ്യത്തിലെ സീറ്റ് വിഭജനം എത്രയും വേഗം പൂർത്തിയാക്കാനുളള ചർച്ചകളാണ് നടക്കുന്നത്.


സീറ്റ് ചർച്ചകൾക്ക് കോൺഗ്രസ് രൂപീകരിച്ച സമിതി ഇന്ന് യോഗം ചേരും. മുകുൾ വാസ്നിക്കിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മഹാരാഷ്ട്രയിലെ സീറ്റുകൾ സംബന്ധിച്ച് ചർച്ച നടക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. ഏതൊക്കെ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കണം, വിജയ സാധ്യത അടക്കമുള്ള കാര്യങ്ങളാണ് ചർച്ചയാവുക. ശേഷമാകും എൻസിപി - ശിവസേന ഉദ്ദവ് പക്ഷ പാർട്ടികളുമായി ചർച്ച.

ഡല്‍ഹിയില്‍ നടക്കുന്ന ജെഡിയു ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ ഇന്‍ഡ്യ മുന്നണി സീറ്റ് വിഭജനവും ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കവും ചർച്ചയാകും. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിക്കണമെന്ന ആവശ്യം ജെഡിയു നേതൃയോഗത്തിലുയർന്നേക്കാം. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് നിതീഷ് കുമാർ നയിക്കുന്ന രാജ്യവ്യാപക പ്രചാരണത്തിന്റെ രൂപരേഖയും യോഗത്തിൽ തയ്യാറാക്കും.