09 May 2024 Thursday

ഗതാഗതകുരുക്ക് മാറ്റാൻ റോഡിലിറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടർ ലോറി ഇടിച്ച് മരിച്ചു

ckmnews



മലപ്പുറം: ഗതാഗതകുരുക്ക് മാറ്റാൻ റോഡിലിറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടർ ലോറി ഇടിച്ച് മരിച്ചു. മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണിൽ അബ്ദുൽ കരീമിന്റെ മകൻ ജംഷീർ (39) ആണ് മരിച്ചത്. നെല്ലിപ്പറമ്പ്- അരീക്കോട് റോഡിൽ ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. അരീക്കോട്ടുനിന്ന് തിരൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ജംഷീർ.


ഗതാഗതക്കുരുക്കിനെ തുടർന്നാണ് ജംഷീർ ബസിൽ നിന്ന് ഇറങ്ങിയത്. അതിനിടെ എതിർ ദിശയിൽ വന്ന ലോറി റോഡ് സൈഡിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ദിശ തെറ്റി എത്തിയതുമായി ബന്ധപ്പെട്ട് ജംഷീറും ലോറി ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ മുന്നിലേക്ക് എടുത്ത ലോറി ജംഷീറിനെ ഇടിക്കുകയായിരുന്നു. ലോറിക്കും ബസിനും ഇടയിൽപ്പെട്ട ജംഷീറിന് ഗുരുതരമായി പരിക്കേറ്റു.

ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജംഷീറിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ജംഷീറിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വട്ടുനൽകും.


ലോറി ഡ്രൈവർ തൃക്കലങ്ങോട് പുളഞ്ചേരി അബ്ദുൽ അസീസിനെ(33) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.


സൽമത്താണ് ജംഷീറിന്‍റെ ഭാര്യ. യാസിൻ, റിസ്വാൻ എന്നിവർ മക്കളാണ്. മാതാവ്: സുബൈദ. സഹോദരങ്ങൾ: ജലീൽ, ജസീൽ.