09 May 2024 Thursday

കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരിവേട്ട, ഒളിപ്പിച്ചത് കാറിലെ രഹസ്യഅറയിൽ; പിടിച്ചത് 56 കിലോ കഞ്ചാവ്

ckmnews



കോഴിക്കോട്: നഗരത്തില്‍ രണ്ടിടങ്ങളില്‍നിന്നായി 56 കിലോ കഞ്ചാവ് പിടികൂടി. മാവൂര്‍ റോഡില്‍നിന്ന് 52 കിലോ കഞ്ചാവും മാത്തറയില്‍നിന്ന് നാലുകിലോ കഞ്ചാവുമാണ് പോലീസ് പിടിച്ചെടുത്തത്. രണ്ടുകേസുകളിലായി മൂന്നുപേര്‍ അറസ്റ്റിലായി.

കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് മാവൂര്‍ റോഡില്‍ കാറില്‍ കടത്തുകയായിരുന്ന 52 കിലോ കഞ്ചാവുമായി പിടിയിലായത്. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കാറിലായിരുന്നു ഇരുവരും കഞ്ചാവ് കടത്തിയത്. കാറില്‍ രഹസ്യഅറയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. മാത്തറയില്‍ നാലുകിലോ കഞ്ചാവുമായി ചക്കുംകടവ് സ്വദേശി മര്‍ഷിദ് അലിയെയും പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് പിടികൂടി. വില്‍പ്പനയ്ക്കായി ബെംഗളൂരുവില്‍നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.