08 May 2024 Wednesday

വീട്ടുകാര്‍ കരോളിന് പോയ തക്കംനോക്കി മോഷണം; സ്വർണവും പണവും കവര്‍ന്നു

ckmnews


തൃശൂർ പട്ടിക്കാട് ശനിയാഴ്ച പുലർച്ചെയായിരുന്നു കവർച്ച. കുടുംബാംഗങ്ങൾ കരോൾ പരിപാടിയ്ക്ക് പോയപ്പോഴായിരുന്നു കവർച്ച. പട്ടിക്കാട് മേലേച്ചിറ പനിച്ചാംകുഴിയിൽ അനിൽ , ലിജി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇടവകയിലെ കരോൾ ഗായിക സംഘത്തോടൊപ്പം രാത്രി 12ന് വീട്ടിൽ നിന്ന് പോയതായിരുന്നു അനിലും കുടുംബവും. തിരിച്ച് ഒന്നരയോടുകൂടി വീട്ടിലെത്തിയപ്പോഴാണ് വീട് തകർത്ത് മോഷണം നടന്ന വിവരം അറിഞ്ഞത്.

‘കരോള് പാടി തിരിച്ച് വരുമ്പോള്‍ വാതില് പൊളിച്ചിട്ടിരിക്കുകയാണ്. അകത്ത് മുഴുവന്‍ മുളക് പൊടി വിതറിയിരുന്നു. വന്നു നോക്കിയപ്പോഴാണ് സ്വര്‍ണവും പണവുമെല്ലാം കൊണ്ട് പോയത് അറിയുന്നത്’ ലിജി പറയുന്നു. 

എട്ടു പവൻ സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയുമാണ് മോഷണം പോയത്. മോഷണ ശേഷം വീടിനകത്ത് മുളകുപൊടി വിതറിയാണ് മോഷ്ടാക്കൾ മടങ്ങിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.