09 May 2024 Thursday

ദക്ഷിണാഫ്രിക്കയെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ യുവനിര

ckmnews

ദക്ഷിണാഫ്രിക്കയെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ യുവനിര


ജോഹാനസ്ബര്‍ഗ്: ആദ്യം ദക്ഷിണാഫ്രിക്കയെ 116-ല്‍ വരിഞ്ഞുകെട്ടി. പിന്നാലെ പക്വതയാര്‍ന്ന കളിയോടെ ഇന്ത്യന്‍ പിള്ളേര്‍ വിജയലക്ഷ്യം തൊട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ എട്ടുവിക്കറ്റ് ജയം കൈപ്പിടിയിലൊതുക്കി ഇന്ത്യന്‍ യുവനിര. അര്‍ശ്ദീപ് സിങ്ങിന്റെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ പ്രധാനം. 16.4 ഓവറില്‍ത്തന്നെ ഇന്ത്യ ലക്ഷ്യം മറികടന്നു.ഇന്ത്യന്‍ ബാറ്റര്‍മാരില്‍ സായ് സുദര്‍ശന്‍ അരങ്ങേറ്റ മത്സരം തന്നെ ഗംഭീരമാക്കി. ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ സുദര്‍ശന്റെ അര്‍ധ സെഞ്ചുറി പ്രകടനമാണ് (43 പന്തില്‍ 55 റണ്‍സ്) ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ശ്രേയസ് അയ്യരും അര്‍ധ സെഞ്ചുറി നേടി (45 പന്തില്‍ 52 റണ്‍സ്). ടീം സ്‌കോര്‍ 23-ല്‍ നില്‍ക്കേ വിയാന്‍ മുള്‍ഡറിന്റെ പന്തിനു മുന്നില്‍ കുരുങ്ങി ഗെയ്ക്‌വാദാണ് ആദ്യം മടങ്ങിയത്.


പിന്നാലെ ശ്രേയസ് അയ്യരും സുദര്‍ശനും ചേര്‍ന്ന് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തി. വിജയിക്കാന്‍ ആറു റണ്‍സ് ബാക്കിയിരിക്കേ, ശ്രേയസ് അയ്യര്‍ മടങ്ങി. ഫെഹ്‌ലുക്‌വായയുടെ പന്തില്‍ ഡേവിഡ് മില്ലറിന് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയെത്തിയ തിലക് വര്‍മയെത്തി സുദര്‍ശനൊപ്പം ചേര്‍ന്ന് കളി ജയിപ്പിച്ചു.


നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, 27.3 ഓവറില്‍ 116 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. അഞ്ച്‌ വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് പ്രോട്ടീസിനെ തകര്‍ത്തത്. ആവേശ് ഖാന്‍ നാല്‌ വിക്കറ്റ് വീഴ്ത്തി.


ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ അര്‍ഷ്ദീപ്, റീസ ഹെന്‍ട്രിക്‌സിനെ (0) മടക്കി. തൊട്ടടുത്ത പന്തില്‍ റാസ്സി വാന്‍ഡെര്‍ ദസ്സന്‍ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാം വിക്കറ്റില്‍ ടോണി ഡി സോര്‍സിയും ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് സ്‌കോര്‍ 42-ല്‍ എത്തിച്ചതിനു പിന്നാലെ സോര്‍സിയേയും (28) അര്‍ഷ്ദീപ് പുറത്താക്കി. പിന്നാലെ ഹെന്റിച്ച് ക്ലാസനും (6) വീണു.ആവേശ് ഖാന്റെ ഊഴമായിരുന്നു അടുത്തത്. 12 റണ്‍സെടുത്ത മാര്‍ക്രത്തിന്റെ കുറ്റി തെറിപ്പിച്ചാണ് ആവേശ് തുടങ്ങിയത്. തൊട്ടടുത്ത പന്തില്‍ വിയാന്‍ മള്‍ഡറും (0) ആവേശിനു മുന്നില്‍ വീണു. പിന്നാലെ ഡേവിഡ് മില്ലറെയും (2) മടക്കി ആവേശ് പ്രോട്ടീസിന്റെ അടിവേരിളക്കി. വിയാന്‍ മള്‍ഡറെയും ആവേശ് ഖാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി.


ഒന്‍പതാം വിക്കറ്റില്‍ ഫെഹ്‌ലുക്‌വായ നടത്തിയ ഒറ്റയാള്‍പ്പോരാട്ടമാണ് ടീം സ്‌കോര്‍ നൂറ് കടത്തിയത്. 33 റണ്‍സെടുത്ത താരം അര്‍ഷ്ദീപിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. നാന്ദ്രെ ബര്‍ഗറെ കുല്‍ദീപും മടക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ പതനം പൂര്‍ണമായി.


സായ് സുദര്‍ശന്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ ഇടംനേടി. ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, തിലക് വര്‍മ എന്നിവരും ടീമിലുണ്ട്. റിങ്കു സിങ്ങിന് അവസരം ലഭിച്ചില്ല.


ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം ഇന്ത്യയുടെ ആദ്യ ഏകദിന മത്സരമാണിത്. രോഹിത്തും കോലിയുമില്ലാതെ മുമ്പും പരമ്പരകള്‍ കളിച്ചിട്ടുണ്ടെങ്കിലും ഭാവി ഇന്ത്യന്‍ ടീമിനെ കണ്ടെത്തുന്നതിന്റെ തുടക്കം എന്നനിലയ്ക്കാണ് ഇക്കുറി തീര്‍ത്തും പുതിയൊരു ടീമിനെ ഇറക്കുന്നത്. കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍.