09 May 2024 Thursday

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ckmnews

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കൊച്ചി: എറണാകുളം പനമ്പുകാട് ആന ഇടഞ്ഞു. പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആദികേശവൻ എന്ന ആനയാണ് ഇടഞ്ഞത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.


ഉത്സവത്തിന്റെ അഞ്ചാം ദിവസമായിരുന്നു ഞായറാഴ്ച. ഇടഞ്ഞതോടെ ആന ക്ഷേത്രവളപ്പില്‍ നിന്ന് പുറത്തേക്ക് വന്നു. ആനയുടെ മുകളില്‍ മൂന്ന് പേരുണ്ടായിരുന്നു. ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവരില്‍ രണ്ട് പേര്‍ ആനപ്പുറത്തുനിന്ന് താഴെവീഴുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലിന് പൊട്ടലുണ്ട്.


എഴുന്നള്ളത്തിനിടെയായിരുന്നു സംഭവം. പെട്ടെന്ന് ആന തിരിഞ്ഞ് വട്ടംനിൽക്കുകയായിരുന്നു. എന്തോ പന്തികേട് തോന്നി മേളം നിര്‍ത്തി ആളെ ഇറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീടാണ്, ആന ക്ഷേത്രപരിസരത്തിന് പുറത്തേക്കെത്തിയത്. ആനപ്പുറത്തുണ്ടായിരുന്നവരിൽ രണ്ട് പേർ നിലത്തേക്ക് വീണു. ഒരാൾ മരത്തിൽ കയറി രക്ഷപ്പെട്ടു. ആർക്കും ഗുരുതരമായ പരിക്കുകളൊന്നുമില്ല, ദൃക്സാക്ഷി പറഞ്ഞു.


സംഭവത്തിനു ശേഷം ആനയെ തളച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോയിട്ടുണ്ട്.