09 May 2024 Thursday

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം സൂറത്തിൽ ഇന്ന് തുറക്കും; നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും

ckmnews

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം സൂറത്തിൽ ഇന്ന് തുറക്കും; നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും


അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോവ്‌സ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും. സൂറത്തിലെ ഖാജോഡിൽ 3200 കോടിരൂപ ചെലവിട്ട് പണിത സമുച്ചയം വലുപ്പത്തിൽ അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗണിനെയും പിന്നിലാക്കി റെക്കോഡിട്ടു.


പെന്റഗൺ 66.75 ലക്ഷം ചതുരശ്ര അടിയാണെങ്കിൽ എസ്.ഡി.ബി. 67.28 ലക്ഷം വരും. വജ്രവ്യാപാരത്തെ ഒരു കുടക്കീഴിൽ എത്തിക്കുന്ന ഓഫീസ് ഡയമണ്ട് റിസർച്ച് ആൻഡ് മർക്കന്റയിൽ സിറ്റി അഥവാ ഡ്രീം സിറ്റിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 15 നിലകളുള്ള പരസ്പരബന്ധിതമായ ഒമ്പത് കെട്ടിടങ്ങളുണ്ട്. 300 ചതുരശ്ര അടിമുതൽ 75,000 ചതുരശ്ര അടിവരെ വിസ്തീർണമുള്ള 4700 ഓഫീസുകളുണ്ടാകും. 131 എലിവേറ്ററുകൾ സ്ഥാപനത്തിലുണ്ട്.ജൂലായിൽ പണികഴിഞ്ഞ ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനമാണ് ഞായറാഴ്ച നടക്കുന്നത്. ഇപ്പോൾ 135 ഓഫീസുകൾ പ്രവർത്തിക്കുന്നു. ലോകത്തിലെ വജ്രം മിനുക്കൽ ജോലികളുടെ സിംഹഭാഗവും നടക്കുന്നത് സൂറത്തിലാണെങ്കിലും വ്യാപാരം മുംബൈയിലാണ്. എല്ലാം ഒരേസ്ഥലത്ത് നടത്താമെന്നതാണ് എസ്.ഡി.ബി.യുടെ സവിശേഷത.


അന്താരാഷ്ട്ര വിമാനത്താവളമായി ഉയർത്തപ്പെട്ട സൂറത്തിലെ നവീകരിച്ച ടെർമിനലിന്റെ ഉദ്ഘാടനവും മോദി നിർവഹിക്കും. ഡയമണ്ട് ബോവ്‌സിൽനിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് സൂറത്ത് കോർപ്പറേഷന്റെ ഖരമാലിന്യസംസ്കരണ കേന്ദ്രമുള്ളത്. ഇവിടെനിന്നുള്ള ദുർഗന്ധം പ്രശ്നമായിരുന്നു. ഇത് അഞ്ച് കിലോമീറ്റർ അകലെയുള്ള ഉമ്പർ ഗ്രാമത്തിലേക്ക് മാറ്റാൻ തീരുമാനമായിട്ടുണ്ട്.