08 May 2024 Wednesday

സ്വകാര്യ ബസുകളുടെ മിന്നൽപ്പണിമുടക്ക് : പെരുവഴിയിൽ യാത്രക്കാർ

ckmnews



തിരൂർ/മലപ്പുറം : സ്വകാര്യബസ് ജീവനക്കാർ നടത്തിയ മിന്നൽപ്പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു.


ബസ്സിൽ യാത്രചെയ്ത വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കണ്ടക്ടർക്കെതിരേ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച തിരൂർ-മഞ്ചേരി റൂട്ടിലെ സ്വകാര്യ ബസുകൾ മിന്നൽപ്പണിമുടക്ക് നടത്തിയത്. ഇതറിയാതെ എത്തിയ വിദ്യാർ‍ഥികളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരടക്കമുള്ള യാത്രക്കാരും പെരുവഴിയിലായി. തിരൂർ‌ പോലീസ് ഇൻസ്പെക്ടർ എം.ജെ. ജിജോ ഇടപെട്ട് കൂടുതൽ കെ.എസ്.ആർ.ടി.സി. സർവീസ് നടത്തിക്കുകയും സ്വകാര്യബസ് പിടിച്ചെടുത്ത് പോലീസ് ഡ്രൈവർമാരെക്കൊണ്ട് സർവീസ് നടത്തുകയും ചെയ്തത് ആശ്വാസമായി.തിരൂർ ബസ്‌സ്റ്റാൻഡിൽ ബസ് ജീവനക്കാരുടെ സമരത്തിന് വാട്സാപ്പ് സന്ദേശം വഴി ഊർജം പകർന്ന ബസ് ജീവനക്കാരനായ വൈലത്തൂർ സ്വദേശി അമീർ ബാഷയുടെ മൊബൈൽഫോൺ പിടിച്ചെടുക്കുകയും ഇയാളെ കസ്റ്റഡിയിലെടുത്ത് താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു.തിരൂർ-മഞ്ചേരി റൂട്ടിൽ സ്വകാര്യബസ് ജീവനക്കാർ മിന്നൽപ്പണിമുടക്ക് നടത്തിയതിനെത്തുടർന്ന് അധികസർവീസ് നടത്തി മലപ്പുറം കെ.എസ്.ആർ.ടി.സി. സാധാരണ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി.ക്ക് മൂന്ന് സർവീസുകളാണുള്ളത്. എന്നാൽ വെള്ളിയാഴ്ച ഏഴ് സർവീസുകളാണ് നടത്തിയത്. ജീവനക്കാരില്ലാത്തതിനാൽ കൂടുതൽ ബസ്സുകളിറക്കാൻ കഴിഞ്ഞില്ല. തിരൂരിൽനിന്ന് അധികം കെ.എസ്.ആർ.ടി.സി.കൾ സർവീസ് നടത്തി.മിന്നൽപ്പണിമുടക്ക് അറിയാതെ ബസുടമകൾ


സ്വകാര്യബസ് ജീവനക്കാർ വെള്ളിയാഴ്ച നടത്തിയ മിന്നൽപ്പണിമുടക്കിനെപ്പറ്റി യാതൊരറിവും ഉണ്ടായിരുന്നില്ലെന്ന് ബസുടമകൾ.


രാവിലെ സർവീസ് നടത്താത്തതിനെപ്പറ്റി ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് മിന്നൽപ്പണിമുടക്ക് പ്രഖ്യാപിച്ച വിവരം ബസുടമകൾ അറിയുന്നതെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാകമ്മിറ്റി അറിയിച്ചു. വ്യാഴാഴ്ച രാത്രി 12-ന് ശേഷം ബസ് ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശം കൈമാറിയാണ് മിന്നൽപ്പണിമുടക്ക് പ്രഖ്യാപിക്കുന്നത്.


ഔദ്യോഗികമായി യാതൊരറിയിപ്പും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. വേങ്ങര-മലപ്പുറം-മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ജീവനക്കാരനെതിരേ മലപ്പുറം പോലീസ്‌സ്റ്റേഷനിൽ വിദ്യാർഥിനി നൽകിയ പരാതിയിൽ കേസെടുത്തത് അന്വേഷണം നടത്താതെയാണെന്നാരോപിച്ചാണ് പണിമുടക്ക് നടത്തിയത്.


യാത്രക്കാരെ സഹായിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം


:‘പെരുവഴിയിലായ യാത്രക്കാരെ സഹായിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്... യാത്രയിലുടനീളം യാത്രക്കാരുടെ നന്ദി വാക്കുകൾ കേട്ടു’ -’ബസോടിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ ട്രാഫിക്ക് പോലീസിലെ ഭാഗ്യരാജ് പറഞ്ഞു.


‘പോലീസിൽ ജോലി കിട്ടുംമുൻപ്‌ സ്വകാര്യ ബസും ലോറിയും ഓടിച്ച് അനുഭവമുണ്ട്’ -ജിനീഷ് പറഞ്ഞു.