09 May 2024 Thursday

ലോക്സഭയിലെ സുരക്ഷാവീഴ്ച; ഡൽഹി പൊലീസിൽ നിന്ന് വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം

ckmnews


ലോക്സഭയിലെ സുരക്ഷ വീഴ്ചയിൽ ഡൽഹി പൊലീസിൽ നിന്ന് വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം. പാർലമെന്റിനകത്ത് രണ്ടു പേർ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയത്. പാർലമെന്റിനകത്ത് ഫോറൻസിക് സം​ഘം പരിശോധന നടത്തും. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും.

സന്ദർശക ​ഗാലറിയിൽ നിന്നാണ് രണ്ടു പേർ നടുത്തളത്തിലേക്ക് ചാടിയത്. എംപിമാരുടെ സീറ്റിന് മുകളിലൂടെ ഓടിയ സാ​ഗർ ശർമ എന്നയാളാണ് കളർ സ്പ്രേ ഉപയോ​ഗിച്ചത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരാണ് കസ്റ്റഡിയിലായത്. രണ്ടു പേർ പുറത്താണ് പ്രതിഷേധം നടത്തിയത്. പാർലമെന്റിനകത്ത് അക്രമം നടത്തിയ സാ​ഗർ ശർമ മൈസൂരിൽ നിന്നുള്ള ബിജെപി എംപിയായ പ്രതാപ് സിം​ഹയുടെ പാസാണ് ഉപയോ​ഗിച്ചത്.

പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22–ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്. നീലം, അമോര്‍ ഷിന്‍ഡെ എന്നിവര്‍ പാര്‍ലമെന്‍റിന് പുറത്ത് നിന്നും പിടിയിലായിട്ടുണ്ട്. ഡൽഹി പൊലീസിന്റെ എടിഎസ് സംഘം പാർലമെന്റിൽ എത്തി. ഷൂവിനുള്ളിലാണ് സ്‌മോക്ക് സ്‌പ്രേ ഒളിപ്പിച്ചിരുന്നത്.