09 May 2024 Thursday

കാനം രാജേന്ദ്രന്റെ വിയോ​ഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു

ckmnews

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോ​ഗം മൂലം ഇന്ന് നവകേരള സദസ്സിന്റെ ഭാ​ഗമായുള്ള പരിപാടികൾ ഉണ്ടാകില്ല. കൊച്ചിയിലാണ് നവകേരളയാത്ര പുരോ​ഗമിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയിൽ നവകേരള സദസ്സിന്റെ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വൈകീട്ടോടെ കാനത്തിന്റെ മരണം സംഭവിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി ആശുപത്രിയിലെത്തുകയും കാനത്തിന് അന്തിമാഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നവകേരള സദസിന്റെ പരിപാടികൾ ശനിയാഴ്ച ഉണ്ടാകില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് പെരുമ്പാവൂരിൽ നിന്നും പര്യടനം തുടരും. മന്ത്രിമാർക്ക് കാനത്തിന്റെ പൊതുദർശനത്തിനുൾപ്പെടെ പങ്കെടുക്കാൻ അവസരം നൽകുന്നതിന്റെ ഭാ​ഗമായി കൂടിയാണ്.കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെയാണ് നടക്കുക. കാനം രാജേന്ദ്രന്റെ ഭൗതികശരീരം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്കുകൊണ്ടുപോയി. 8.30ന് ജഗതിയിലെ വീട്ടില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 2 മണി വരെ പട്ടത്തെ എഐടിയുസി ഓഫിസില്‍ പൊതുദര്‍ശനം നടക്കും. 2 മണിയ്ക്ക് കോട്ടയത്തേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനം നടത്തും. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ വീട്ടില്‍ നടക്കും.മൃതദേഹം ഇന്ന് രാവിലെ ഏഴ് മണിക്ക് കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും. പാർട്ടി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് രണ്ട് മണി വരെ പട്ടം പി എസ് സ്മാരകത്തിലും പൊതുദർശനം ഉണ്ടാകും.