09 May 2024 Thursday

ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തും

ckmnews

മലപ്പുറം ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ യോഗം ചേര്‍ന്നു.യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോര്‍ഡിനേറ്റര്‍ ജഅ്ഫര്‍ കെ കക്കൂത്ത് സ്വാഗതം പറഞ്ഞു. നിലവില്‍ ജില്ലയിലുള്ള ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നതിനും യോഗം നിര്‍ദേശിച്ചു.


ബഡ്‌സ് സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി കുടുംബശ്രീ മലപ്പുറം ജില്ല മിഷന്റെ നേതൃത്വത്തില്‍ 'ശേഷി' എന്ന പേരില്‍ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ബഡ്‌സ് വിദ്യാര്‍ഥികളുടെ പുനരധിവാസം, ഉപജീവന മാര്‍ഗം, നിലവില്‍ ബഡ്‌സ് സ്ഥാപനങ്ങളുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നു കൂടി മികവുറ്റതാക്കുക തുടങ്ങിയവയാണ്ശേഷി പദ്ധതിയുടെ ലക്ഷ്യം. ഇത്തരം പദ്ധതികളിലൂടെ കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം 15 പുതിയ ബഡ്‌സ് സ്ഥാപനങ്ങള്‍ ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്.


ഇതോടൊപ്പം ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ഷീബ മുംതാസ്, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ അസ്‌ക്കര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സദാനന്ദൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി കലക്ടര്‍ അൻവര്‍ സാദത്ത് നന്ദി പറഞ്ഞു.