09 May 2024 Thursday

മധുരപലഹാരങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 70-കാരന് 48 വര്‍ഷം തടവ്

ckmnews


പാലക്കാട്: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 70-കാരന് 48 വര്‍ഷം വെറും തടവും 1.2 ലക്ഷം രൂപ പിഴയും ശിക്ഷ. ചുള്ളിമട ഐശ്വര്യ തെരുവില്‍ സൂസിയപ്പന്‍ കോവില്‍ വീട്ടില്‍ ബലവേന്ദറിനാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴയടയ്ക്കാത്ത പക്ഷം 14 മാസം അധികതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം.

2018 ഏപ്രിലിലാണ് സംഭവം. അഞ്ചു വയസ്സുള്ള ബാലികയെ മധുരപലഹാരങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

വാളയാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്.ഐ.മാരായിരുന്ന പി.എം. ലിബി, എസ്. അന്‍ഷാദ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ശോഭന ഹാജരായി. വാളയാര്‍ പോലീസ് സ്റ്റേഷന്‍ സി.പി.ഒ.മാരായിരുന്ന എം. സുഗുണന്‍, എം. സിജു എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 18 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകള്‍ ഹാജരാക്കി.