09 May 2024 Thursday

വ്യാജചികിത്സകരെ വലയിലാക്കാന്‍ തൃശ്ശൂരില്‍ 'ഓപ്പറേഷന്‍ ക്വാക്ക്', പിടിയിലായത് 13 പേര്‍

ckmnews


തൃശ്ശൂര്‍: വ്യാജ ചികിത്സകരെ വലയിലാക്കാന്‍ ആരോഗ്യവകുപ്പ് തിങ്കളാഴ്ച ജില്ലയില്‍ നടത്തിയ 'ഓപ്പറേഷന്‍ ക്വാക്ക്'-മിന്നല്‍പ്പരിശോധനയില്‍ കുടുങ്ങിയത് 13 പേര്‍. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ഇവിടെയും റെയ്ഡ് നടന്നത്. 17 സംഘങ്ങളായി തിരിഞ്ഞ് പോലീസിന്റെ സഹായത്തോടെയാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്. കേരള മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് അനുസരിച്ച് രജിസ്‌ട്രേഷനില്ലാതെ ചികിത്സ നടത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

കുന്നംകുളം, തൃശ്ശൂര്‍ കിഴക്കേക്കോട്ട, കൊടകര, അന്തിക്കാട്, വാടാനപ്പിള്ളി, വടക്കാഞ്ചേരി, വടക്കേക്കാട് , ഇരിങ്ങാലക്കുട, മാള, ചേര്‍പ്പ്, കയ്പമംഗലം എന്നിവിടങ്ങളില്‍നിന്നായാണ് 13 പേര്‍ പിടിയിലായത്. ഇവര്‍ക്കെതിരേ വഞ്ചനയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുക്കുക. ജാമ്യമില്ലാ കുറ്റമാണിത്. മൂന്നു വകുപ്പുകളിലായി ആറു ലക്ഷം പിഴയും അടയ്‌ക്കേണ്ടിവരും.

കുന്നംകുളം യൂണിറ്റി ആശുപത്രിക്കു സമീപം പൈല്‍സ്, ഫിസ്റ്റുല ക്ലിനിക് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി ത്രിദീപ് കുമാര്‍ റോയ് (55), കിഴക്കുംപാട്ടുകര താഹോര്‍ അവന്യൂവില്‍ ചാന്ദ്രീസ് ക്ലിനിക്ക് എന്ന പേരില്‍ ഹോമിയോ ക്ലിനിക്ക് നടത്തിവന്നിരുന്ന ദിലീപ്കുമാര്‍ സിക്തര്‍ (67), വാടാനപ്പള്ളി ആല്‍മാവ് സെന്ററിന് പടിഞ്ഞാറ് മീര ക്ലിനിക്ക് നടത്തുന്ന ബംഗാള്‍ സ്വദേശി രജീബ് ബിശ്വാസ്, തമ്പാന്‍കടവില്‍ ക്ലിനിക്ക് നടത്തുന്ന സുരേഷ് വൈദ്യന്‍, കയ്പമംഗലം വഴിയമ്പലം പടിഞ്ഞാറുഭാഗത്ത് ശാന്തി ക്ലിനിക് എന്ന പേരില്‍ വ്യാജ ചികിത്സാകേന്ദ്രം നടത്തിയിരുന്ന പശ്ചിമബംഗാള്‍ സ്വദേശി ദീപു സര്‍ക്കാര്‍, മാള വടമയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി സൗമെന്‍ ബൗമിക്(48) തുടങ്ങിയവരാണ് പിടിയിലായത്.  തൃശ്ശൂരില്‍ നടന്ന പരിശോധനയ്ക്ക് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ടി.പി. ശ്രീദേവി, ഡോ. കാവ്യ കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ലൈസന്‍സും സര്‍ട്ടിഫിക്കറ്റും ഇല്ലാതെയാണ് വാടാനപ്പള്ളിയിലെ ക്ലിനിക്കില്‍ ഏറെ വര്‍ഷമായി പൈല്‍സ് ചികിത്സ നടത്തിവരുന്നത്. മുന്‍പും ഇയാളെ അറസ്റ്റുചെയ്തിരുന്നു. ക്ലിനിക്ക് അടപ്പിച്ചെങ്കിലും പിന്നീട് വീണ്ടും തുറക്കുകയായിരുന്നു.