09 May 2024 Thursday

കുസാറ്റ് ദുരന്തം: ഉന്നതവിദ്യാഭ്യാസവകുപ്പ് അന്വേഷിക്കും, മരിച്ചവരുടെ പോസ്റ്റ്മോർട്ടം ആരംഭിച്ചു

ckmnews

കുസാറ്റ് ദുരന്തം: ഉന്നതവിദ്യാഭ്യാസവകുപ്പ് അന്വേഷിക്കും, മരിച്ചവരുടെ പോസ്റ്റ്മോർട്ടം ആരംഭിച്ചു


കൊച്ചി: കളമശ്ശേരിയിൽ കുസാറ്റ് കാംപസിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ട നടപടികൾ ആരംഭിച്ചു. അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലും സാറാ തോമസ്, ആൽബിൻ ജോസഫ് എന്നിവരുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.


കുസാറ്റിലെ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നിർദേശം നൽകി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും കുസാറ്റ് വി.സിക്കും രജിസ്ട്രാർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.


രാത്രിതന്നെ ഇൻക്വസ്റ്റ് നടപടികൾ പോലീസ് പൂർത്തീകരിച്ചിരുന്നു. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച് പെട്ടെന്ന് തന്നെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക എന്നതാണ് ഇപ്പോഴത്തെ തീരുമാനം. കളമശ്ശേരി കുസാറ്റിലെ വിദ്യാർഥികളും മരിച്ചവരുടെ ബന്ധുക്കളും പോസ്റ്റ്മോർട്ടം നടക്കുന്ന ആശുപത്രിയുടെ മുമ്പിൽ എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കുസാറ്റ് കാമ്പസിൽ പൊതുദർശനത്തിന് വെക്കും.


കളമശ്ശേരി കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല (കുസാറ്റ്) കാമ്പസിൽ ടെക്ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിലാണ് വിദ്യാർഥികളടക്കം നാലുപേർ മരിച്ചത്. സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥി കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻറിഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്.