09 May 2024 Thursday

ശമ്പളം ചോദിച്ച ദളിത് യുവാവിനെ വായ് കൊണ്ട് ചെരുപ്പ് എടുപ്പിച്ചു; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്

ckmnews


ഗുജറാത്തിൽ ശമ്പളം ചോദിച്ചതിന് ദളിത് യുവാവിനെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസ്. സംഭവം ​ഗുജറാത്തിലെ മോർബിയിലാണ്. ശമ്പളം ചോദിച്ചതിന് സ്ഥാപന ഉടമയായ യുവതി യുവാവിനെ നിർബന്ധിച്ച് വായകൊണ്ട് ചെരിപ്പ് എടുപ്പിക്കുകയും മാപ്പ് പറയിക്കുകയുമായിരുന്നു.

സ്ഥാപന ഉടമയായ റാണിബ എന്നറിയപ്പെടുന്ന വിഭൂതി പട്ടേലിനും ജോലിക്കാർക്കും എതിരെയാണ് സംഭവത്തിൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്. റാണിബ ഇൻഡസ്ട്രീസ് എന്ന പേരിൽ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്നു ഇവർ. പരാതിക്കാരനായ നീലേഷ് ഡൽസാനിയ ഒക്ടോബർ 2നാണ് 12,000 രൂപ ശമ്പളത്തിൽസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ ഒക്ടോബർ 18ന് കാരണം അറിയിക്കാതെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

യുവാവ് 16 ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോൾ കമ്പനി ഉടമയായ യുവതി ഫോണെടുക്കാതെയായി. തുടർന്ന് നവംബർ 24ന് നീലേഷും സഹോദരൻ മെഹുലും അയൽവാസിയും നേരിട്ട് ഓഫീസിലെത്തി ശമ്പളോ ചോദിക്കുകയായിരുന്നു. വിഭൂതിയും സ്ഥാപനത്തിന്റെ മാനേജരായ പരിക്ഷിത് പട്ടേലും ചേര്‍ന്ന് യുവാവിനെ മർദിക്കുകയും തുടര്‍ന്ന് യുവാവിനെ വലിച്ച് ടെറസിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് ബെല്‍റ്റുകൊണ്ട് മര്‍ദിക്കുകയായിരുന്നു. വിഭൂതി പട്ടേല്‍ നിര്‍ബന്ധിപ്പിച്ച് വായ്‌കൊണ്ട് ചെരിപ്പ് എടുപ്പിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തു എന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്.